ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നു. ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍ രഹിത സമനില. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങുന്നത്.

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നു. ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍ രഹിത സമനില. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങുന്നത്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുള്ളത് എട്ട് പോയിന്റ് മാത്രം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന് അഞ്ച് പോയിന്റ് മാത്രമാണുള്ളത്. 

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ചെന്നൈയിന്‍ ആദ്യ പകുതിയില്‍ ആറ്റാക്കിങ് ഫുട്‌ബോള്‍ പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. നിരവധി അവസരങ്ങള്‍ ആതിഥേയര്‍ ആദ്യപകുതിയില്‍ ഒരുക്കിയെടുക്കുകയും ചെയ്തു. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ച അവര്‍ക്ക് വിനയായി. ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായകമായി.

തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ ഏറ്റു വാങ്ങിയ ഡേവിഡ് ജയിംസിനും സംഘത്തിനും ജയം അനിവാര്യമായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും മുന്നോട്ടുള്ള യാത്ര കഠിനമാണ്. ഡിസംബര്‍ നാലിന് കൊച്ചിയില്‍ ജംഷഡ്പുര്‍ എഫ്‌സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.