കോഴിക്കോട്: ഐ ലീഗില്‍ കൊല്‍ക്കത്തയിലെ വമ്പന്‍മാരായ മോഹന്‍ ബഗാന് പിന്നാലെ ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ച് ഗോകുലം എഫ്‌സി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യപകുതിയുടെ അധികസമയത്ത് കാറ്റ്സുമി യൂസയിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്.
കിവി സിമോണിയിലൂടെ ഒപ്പമെത്തിയ ഗോകുലം കളി തീരാന്‍ മൂന്ന് മിനിട്ട് മാത്രം ബാക്കിയിരിക്കെ രഞ്ജന്‍ സിംഗിലൂടെ വിജയഗോളും നേടി. അഞ്ച് ദിവസം മുമ്പ് മോഹന്‍ ബഗാനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെയും അട്ടിമറിച്ചത്. മോഹന്‍ ബഗാനെതിരെ കളിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെതിരെയും ഇറങ്ങിയത്.
നാടകീയമായ അന്ത്യനിമിഷങ്ങളില്‍ ഇരു ടീമിലെയും ഓരോ താരങ്ങള്‍ വീതം ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് 10 പേരുമായാണ് രണ്ടു ടീമും മത്സരം പൂര്‍ത്തിയാക്കിയത്. ഗോകുലത്തിന്റെ ഇര്‍ഷാദിനും രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഈസ്റ്റ് ബംഗാളിന്റെ അര്‍ണാബ് മൊണ്ഡലിനുമാണ് ചുവപ്പുകാര്‍ഡ് ലഭിച്ചത്.
