ഐലീഗിൽ കേരളത്തിന്റെ പുതിയ പ്രതീക്ഷയായ ഗോകുലം കേരള എഫ് സിക്ക് തോൽവിയോടെ അരങ്ങേറ്റം. ഷില്ലോങ് ലജോങ് എഫ് സിയാണ് സ്വന്തം തട്ടകത്തിൽവെച്ച് മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ടീമിനെ തോൽപ്പിച്ചത്. എഴുപത്തിയൊമ്പതാം മിനിട്ടിൽ ഡ്യോറിയാണ് ലജോങിന്റെ വിജയഗോൾ നേടിയത്. മൽസരത്തിലുടനീളം ആധിപത്യം പുലർത്തിയത് ലജോങ് തന്നെയായിരുന്നു. പന്തടക്കത്തിലും ഗോൾശ്രമത്തിലുമൊക്കെ അവർക്കുതന്നെയായിരുന്നു മുൻതൂക്കം. സ്വന്തം തട്ടകത്തിൽ കൂടുതൽ കരുത്തോടെയാണ് അവർ കളിച്ചത്. നിരവധി ഗോളവസരങ്ങളും ലഭിച്ചിരുന്നു. എന്നാൽ പ്രതിരോധത്തിലൂന്നിയാണ് ഗോകുലം കളിച്ചത്. 79 മിനിട്ട് വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്നശേഷമാണ് ഗോകുലം തോൽവിയിലേക്ക് വീണത്. ചെന്നൈ സിറ്റിയുമായി ഡിസംബർ നാലിന് സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽവെച്ചാണ് ഗോകുലം കേരള എഫ് സിയുടെ അടുത്ത മൽസരം.