ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടംകൈയ്യന്‍ സൗന്ദര്യമായിരുന്ന ഗൗതം ഗംഭീര്‍ ഇപ്പോളെവിടെ? രണ്ട് ലോകകപ്പുകളും ഐപിഎല്‍ കിരീടവും നേടിയ ഗൗതം ഗംഭീര്‍ കളിക്കളത്തിനു പുറത്ത് പുതിയ ഇന്നിംഗ്സ് തുടങ്ങിക്കഴിഞ്ഞു. ബാറ്റിനു പകരം ഭക്ഷണ പാത്രമാണിപ്പോള്‍ ഗൗതം ഗംഭീറിന്‍റെ കൈയ്യില്‍. ദില്ലിയിലെ തെരുവുകളില്‍ പട്ടിണിയില്‍ വലയുന്ന പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറിപ്പോള്‍. ക്രിക്കറ്റര്‍ നേതൃത്വം നല്കുന്ന ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെയാണ് മാതൃകാപരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
ഏക് ആശ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച്ച തുടക്കമായി. ലോകകപ്പും ഐപിഎല്ലും നേടിയ തനിക്കിത് ജനഹൃദയവും പട്ടിണിയും കീഴടക്കാനുള്ള അവസരമാണെന്ന് ഗംഭീര്‍ പറഞ്ഞു. ആരും വിശന്നുറങ്ങാന്‍ പാടില്ലെന്നു പറഞ്ഞ ഗംഭീര്‍ 365 ദിവസവും ഏക് ആശ ഭക്ഷണം വിതരണം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. വെടിക്കെട്ട് ഓപ്പണിങ്ങ് ബാറ്റ്സ്മാന്‍റെ പുതിയ ഇന്നിംഗ്സും ഹൃദയങ്ങള്‍ കീഴടക്കുമെന്നുറപ്പ്.
