ക്രിക്കറ്റ് കളി തലസ്ഥാനത്ത് മതിയെന്ന് സര്‍ക്കാര്‍

First Published 20, Mar 2018, 2:30 PM IST
govt want cricket match in kariyavattam
Highlights
  • അതേസമയം വേദി മാറ്റുന്നതില്‍ ഇത്രയേറെ പ്രതിഷേധം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് 


കൊച്ചി/തിരുവനന്തപുരം ഇന്ത്യ--വിന്‍ഡീസ് ഏകദിനത്തിനായി കൊച്ചി സ്റ്റേഡിയത്തിലെ ടര്‍ഫ് പൊളിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ മത്സരം തിരുവനന്തപുരത്തെ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ വച്ചു തന്നെ നടത്താന്‍ സാധ്യത വിഷയത്തില്‍ ഇടപെട്ട കായികമന്ത്രി എ.സി.മൊയ്തീന്‍ ക്രിക്കറ്റ് മത്സരം കാര്യവട്ടത്ത് നടത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് മുന്നോട്ട് വച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്‍ഫ് പൊളിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കെസിഎ, ജിഡിസിഎ ഭാരവാഹികളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ട്. രണ്ടിലും മത്സരം നടത്താന്‍ സൗകര്യമുണ്ട്. ജിഡിസിഎ സ്റ്റേഡിയം നിലവില്‍ ഫുട്ബോള്‍ മത്സരത്തിനായി സജ്ജമാണ്. ക്രിക്കറ്റ് മത്സരത്തിനായി അത് നശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കാര്യവട്ടത്ത് എല്ലാ സൗകര്യമുള്ള സ്ഥിതിക്ക് ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് നടക്കട്ടേ.ക്രിക്കറ്റും ഫുട്ബോളും നമ്മുക്ക് ഒരു പോലെ പ്രൊത്സാഹിപ്പിക്കേണ്ടതുണ്ട് -- എ.സി.മൊയ്തീന്‍ പറഞ്ഞു. 

ഫുട്ബോള്‍ മത്സരത്തിനായി ഒരുക്കിയ ടര്‍ഫ് ക്രിക്കറ്റ് കളിക്കായി പൊളിക്കേണ്ടി വരുമെങ്കില്‍ സ്റ്റേഡിയം വിട്ടുകൊടുക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ജിഡിസിഎ ചെയര്‍മാന്‍ നേരത്തെ അറിയിച്ചിരുന്നു.  ക്രിക്കറ്റ് മത്സരം കഴിഞ്ഞാലും ഫുട്ബോള്‍ മത്സരത്തിനായി ഗ്രൗണ്ടൊരുക്കുമെന്നാണ് കെ.സി.എ നല്‍കിയ ഉറപ്പെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം വിട്ടുകൊടുത്തതെന്നും ജിഡിസിഎ ചെയര്‍മാന്‍ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍, ജിഡിസിഎ ഭാരവാഹികള്‍ എന്നിവര്‍ സംയുക്തയോഗം ചേരുന്നുണ്ട്. 

അതേസമയം വേദി മാറ്റുന്നതില്‍ ഇത്രയേറെ പ്രതിഷേധം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറ‌ഞ്ഞു. കലൂര്‍ സ്റ്റേഡിയവും കാര്യവട്ടം സ്റ്റേഡിയവും പരിപാലിക്കുന്നത് കെ.സി.എ ആണെന്നും ഏതു വേദിയില്‍ മത്സരം നടത്തണമെന്ന് കെ.സി.എയ്ക്ക് തീരുമാനിക്കാമെന്നും ജയേഷ് ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് മത്സരം കൊച്ചിയില്‍ തന്നെ നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ജയേഷ് നാളത്തെ സംയുക്തയോഗത്തിന്‍ അന്തിമതീരുമാനമുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 

loader