കേപ്‌ടൗണ്‍: ഇന്ത്യക്കെതിരായ ചരിത്ര പരമ്പയ്ക്ക് മുമ്പ് വാക്പ്പോരുമായി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഗ്രയാം സ്മിത്ത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യയെ തളച്ചിടുമെന്ന അഭിപ്രായവുമായി ഗ്രയാം സ്മിത്ത് രംഗത്തെത്തി. ജനുവരി അഞ്ചിന് ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ സൂപ്പര്‍താരം ഡേല്‍ സ്റ്റെയ്ന്‍ തിരിച്ചെത്തിയതാണ് സ്മിത്തിന്‍റെ പ്രകോപനത്തിന് പിന്നില്‍. 

മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുക. ഒരു ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഡേല്‍ സ്റ്റെയ്‌ന് പുറമെ മോണെ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ എന്നിവരും പേസാക്രമണം നയിക്കാന്‍ ടീമിലുണ്ട്. ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജും ടീമിലെത്തിയിട്ടുണ്ട്. നിലവില്‍ ടെസ്റ്റ് റാംങ്കിംഗില്‍ ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തുമാണ്.