സൂറിച്ച്: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്‍റെ ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാംഘട്ടത്തിന് മികച്ച പ്രതികരണം. ആദ്യ 24 മണിക്കൂറിനുള്ളില്‍ വില്‍പ്പനക്കു വെച്ചിരുന്ന ടിക്കറ്റുകളില്‍ 98 ശതമാനം വിറ്റുതീര്‍ന്നു. 159,402 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ 51 ശതമാനം ടിക്കറ്റുകളും സ്വന്തമാക്കിയത് റഷ്യന്‍ ആരാധകരാണ്. അര്‍ജന്‍റീന, മെക്‌സിക്കോ, അമേരിക്ക, ബ്രസീല്‍, കൊളംബിയ, ചൈന, ഓസ്ട്രേലിയ, ജര്‍മ്മനി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് വില്‍പ്പനയില്‍ ആദ്യ പത്തിലുള്ളത്. 

ഫിഫ.കോമിലൂടെ വിറ്റഴിക്കുന്ന ടിക്കറ്റുകളുടെ വില്‍പ്പന നവംബര്‍ 28ന് അവസാനിക്കും. മറ്റ് വെബ്സൈറ്റുകള്‍ വഴി ബുക്ക് ചെയ്യുന്നവരുടെ ടിക്കറ്റുകള്‍ അസാധുവാകുകയും സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ ഫിഫ വിലക്കുകയും ചെയ്യും. ഡിസംബര്‍ അഞ്ച് മുതല്‍ ജനുവരി 31 വരെ മൂന്നാംഘട്ട ടിക്കറ്റ് വില്‍പനയും മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ മൂന്ന് വരെ അവസാനഘട്ട വില്‍പനയും നടക്കും. ഒക്ടോബറില്‍ നടന്ന ആദ്യഘട്ട വില്‍പനയില്‍ 622,117 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു.