ദില്ലി: തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഐപിഎല്‍ മത്സരങ്ങള്‍ കാണാമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ഡൽഹി ഡെയർഡെവിൾസിന്റെ ഹോം മത്സരങ്ങൾ കേരളത്തില്‍ നടക്കാനുള്ള സാധ്യത ഏതാണ്ട് അവസാനിച്ചു. ഗ്രീന്‍ ഫീല്‍ഡിന് പകരം ലക്നൗവിലെ ഏകാനാ സ്റ്റേഡിയം ഡെയർഡെവിൾസിന്റെ ഹോം മത്സരങ്ങൾക്ക് വേദിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയില്‍ അന്തിരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായി ഗ്രീന്‍ ഫീല്‍ഡിനെ പരിഗണിച്ചത്.

നിലവില്‍ ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയാണ് ഡെയർ ഡെവിൾസിന്റെ ഹോം ഗ്രൗണ്ട്. എന്നാല്‍ ഫിറോസ് ഷാ കോട്‌ലയെ നിലനിര്‍ത്തി മറ്റൊരു ഹോം വേദി കൂടി കണ്ടെത്താനാണ് ടീമിന്‍റെ നീക്കം. ഗ്രീന്‍ ഫീല്‍ഡിനേക്കാള്‍ അടുത്താണ് എന്നത് ലക്‌നൗവിന്‍റെ പ്രധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഫിറോസ് ഷാ കോട്ലയേക്കാൾ കൂടുതൽ കാണികളെ ഉൾക്കൊള്ളാനും കഴിയും ലക്‌നൗ സ്റ്റഡിയത്തില്‍.