തിരുവനന്തപുരം: ഐപിഎല്ലില്‍ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് റിപ്പോര്‍ട്ട്‍. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതുസംബന്ധിച്ച് ഗ്രീന്‍ ഫീല്‍ഡ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നേരത്തെ കാര്യവട്ടം വേദിയായ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി20 വന്‍വിജയമായിരുന്നു. 

തിരുവനന്തപുരത്ത് മത്സരം സംഘടിപ്പിച്ചാല്‍ വന്‍വിജയമാകുമെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രതീക്ഷ. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കാര്യവട്ടത്തെ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടെന്നതാണ് ടീമുകളെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കുന്നത്. 

ഡല്‍ഹിയിലെ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് ഇത്തരമൊരു തീരുമാനത്തിന് ടീമിനെ പ്രേരിപ്പിച്ചത്. മൂടല്‍മഞ്ഞ് പ്രശ്നം സൃഷ്ടിക്കുന്ന ദില്ലിയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോട് ബിസിസിഐക്ക് അനുകൂല നിലപാടല്ല. അതേസമയം കാര്യവട്ടത്ത് മത്സരം സംഘടിപ്പിക്കുന്നതില്‍ ഡല്‍ഹി ടീം ഇപ്പോളും താല്‍പര്യം കാണിക്കുന്നതായാണ് സൂചന.