ജയ്പൂര്‍: രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിനേടി ചരിത്രമെഴുതി ഗുജറാത്ത് താരം സമിത് ഗോഹല്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ പുറത്താകാതെ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഓപ്പണറെന്ന ലോകറെക്കോഡാണ് സമിത് ഗോഹല്‍ സ്വന്തമാക്കിയത്.

ഒഡീഷക്കെതിരായ പുറത്താകാതെ 359 റണ്‍സാണ് ഗോഹല്‍ അടിച്ചു കൂട്ടിയത്. 723 പന്തില്‍ 45 ഫോറും ഒരു സിക്‌സും സഹിതമാണ് ഗുജറാത്ത് താരത്തിന്റെ ട്രിപ്പിള്‍ സെഞ്ച്വറി.

ഇംഗ്ലീഷ് കൌണ്ടിയില്‍ ബോബി അബേലിന്റെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 1899ല്‍ സറേയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 357 റണ്‍സാണ് അബേല്‍ അടിച്ചിരുന്നത്.

ഗോഹലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ ബലത്തില്‍ 641 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഗുജറാത്ത് സ്വന്തമാക്കിയത്. മത്സരം സമനിലയായതോടെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ ഗുജറാത്ത് ക്വാര്‍ട്ടറിലേക്കും മുന്നേറി.