173 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്‌ത ഡയര്‍ഡെവിള്‍സിനുവേണ്ടി 32 പന്തില്‍ 84 റണ്‍സുമായി ക്രിസ് മോറിസ് കളംനിറഞ്ഞാടിയെങ്കിലും, അവസാന ഓവറില്‍ ഡ്വെയ്ന്‍ ബ്രാവോയുടെ കണിശതയ്‌ക്ക് മുന്നില്‍ അടിയറവ് സമ്മതിക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ചിന് 171 റണ്‍സില്‍ ഡല്‍ഹിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. എട്ടു സിക്‌സറുകളും നാലു ബൗണ്ടറികളും ഉള്‍പ്പടെയാണ് മോറിസ് പുറത്താകാതെ 82 റണ്‍സെടുത്തത്. മോറിസിനെ കൂടാതെ 48 റണ്‍സെടുത്ത ജെ പി ഡുമിനി മാത്രമാണ് ഡെയര്‍ഡെവിള്‍സ് നിരയില്‍ തിളങ്ങിയത്. ഗുജറാത്ത് ലയണ്‍സിനുവേണ്ടി ധവാല്‍ കുല്‍ക്കര്‍ണി മൂന്നു വിക്കറ്റെടുത്തു. മല്‍സരം ജയിപ്പിക്കാനായില്ലെങ്കിലും ക്രിസ് മോറിസാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍- ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ ആറിന് 172 & ഡല്‍ഹി ഡയര്‍ഡെവിള്‍സ് 20 ഓവറില്‍ അഞ്ചിന് 171

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ ആറിന് 172 റണ്‍സെടുക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറികളുമായി കളംനിറഞ്ഞ ഡ്വെയ്ന്‍ സ്മിത്തിന്റെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും മികച്ച ബാറ്റിങ്ങാണ് ലയണ്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 10.4 ഓവറില്‍ 112 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ ഓപ്പണര്‍മാരെ നഷ്‌ടമായ ശേഷം ലയണ്‍സിന്റെ സ്‌കോറിങിന് വേഗം കുറയുകയായിരുന്നു. ഡെയര്‍ഡെവിള്‍സിനുവേണ്ടി ഇമ്രാന്‍ താഹിര്‍ മൂന്നു വിക്കറ്റെടുത്തു.