ബംഗളുരു: ഇന്ത്യയുടെ നമ്പര്‍ വണ്‍ ഗോളി ഗുര്‍പ്രീത് സിങ് കേരള ബ്ലാസ്റ്റേഴ്സിലേക്കില്ല. ഗുര്‍പ്രീത് ബംഗളുരു എഫ് സിയിലെത്തിയ കാര്യം ടീം ട്വിറ്റിലൂടെ സ്ഥിരീകരിച്ചു. യൂറോപ്യന്‍ ടോപ് ലീഗും യൂവേഫ യൂറോപ്പയും കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ഗുര്‍പ്രീത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോളി പോള്‍ സ്റ്റീഫണ്‍ റച്ചുബക്കയിലാണ് ഇനി ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ‍.

നോര്‍വേജിയന്‍ ഡിവിഷന്‍ ക്ലബായ സ്റ്റബക്കില്‍ നിന്നാണ് ഗുര്‍പ്രീത് സിങ് ഐഎസ്എല്ലില്‍ എത്തുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ ഗുര്‍പ്രീത് ദേശീയ ടീമിനായി 15 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഐലീഗില്‍ ഈസ്റ്റ് ബംഗാള്‍, ബംഗളുരു എഫ് സി എന്നിവയുടെ താരമായിരുന്നു. 2015 ജനുവരിയില്‍ സ്റ്റബക്കിലെത്തിയ താരം ഈ വര്‍ഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.

എന്നാല്‍ ഇതോടെ പോള്‍ സ്റ്റീഫണ്‍ റച്ചുബക്ക ബ്ലാസ്റ്റേഴ്സിലെത്താനുള്ള സാധ്യതകള്‍ സജീവമായി. പരിശീലകനായ റെനെ മൂളന്‍സ്റ്റീനാണ് മറ്റൊരു മാഞ്ചസ്റ്റര്‍ താരത്തെ കൂടി ബ്ലാസ്റ്റേഴ്സിലെത്തിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത്‍.വിവിധ ക്ലബുകളിലായി മുന്നൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് സ്റ്റീഫണ്‍ റച്ചുബക്ക.

Scroll to load tweet…