പ്രമുഖ വ്യക്തികള്‍ക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുളള സ്ഥിരം ഹെലിപാഡായി മാറിയതോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഗ്രൗണ്ട് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കോളേജിലെ താരങ്ങള്‍ക്ക് പരിശീലനത്തിന്

തൃശൂര്‍: പ്രമുഖ വ്യക്തികള്‍ക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാനുളള സ്ഥിരം ഹെലിപാഡായി മാറിയതോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ഗ്രൗണ്ട് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കായികരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കോളേജിലെ താരങ്ങള്‍ക്ക് പരിശീലനത്തിന് പോലും ഇപ്പോള്‍ ഇടമില്ല. ഇതില്‍ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും.

ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുളള ശ്രീകൃഷ്ണ കോളേജ് കാലിക്കറ്റ് സര്‍വകലാശാലയിലെ മികച്ച കലാലയങ്ങളിൽ ഒന്നായി മാറിയത് കായികരംഗത്തെ നേട്ടങ്ങളിലൂടെയാണ്. ഒളിമ്പ്യൻമാരെയും നിരവധി അന്തർദേശീയ താരങ്ങളെയും വളർത്തിയ കോളേജിലെ ഗ്രൗണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.

ഗ്രൗണ്ട് മുഴുവൻ കുണ്ടും കുഴിയും.ചെളിവെള്ളം കെട്ടികിടക്കുന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വരുന്ന വിവിഐപികള്‍ക്ക് ഹെലികോപ്ടറില്‍ വന്നിറങ്ങാൻ ഇതല്ലാതെ മറ്റ് ഗ്രൗണ്ടില്ല. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്ന് പ്രാവശ്യം ഗ്രൗണ്ടിൽ ഹെലികോപ്റ്റർ വന്നു.

കഴിഞ്ഞ ദിവസം രാഷ്ടപതി ഗുരുവായൂർ സന്ദര്‍ശിച്ചപ്പോഴും ഈ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറക്കിയത്. ഗ്രൗണ്ടിൽ പൊലീസ്, ഫയർ ഫോഴ്‌സ്, മറ്റു സുരക്ഷ വാഹനങ്ങളും കയറ്റി ഇറക്കി. പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഹെലിപാഡ് നിര്‍മ്മിക്കാൻ മറ്റൊരു സ്ഥലം ഉടൻ കണ്ടെത്തുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ കെ ബി മോഹൻദാസ് അറിയിച്ചു. ഇക്കാര്യം സര്ക്കാരിന്റെ ശ്രദ്ധയില്പെടുത്തുമെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.