നാഗ്പുര്‍: വിദര്‍ഭയ്‌ക്കെതിരായ ഇറാനി ട്രോഫിയില്‍ ആദ്യ ഇന്നിങ്‌സില്‍ റെസ്റ്റ് ഓഫ് ഇന്ത്യ 330ന് പുറത്ത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഹനുമ വിഹാരി (114)യുടെ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മായങ്ക് അഗര്‍വാള്‍ 95 റണ്‍സെടുത്ത് പുറത്തായി. ആദിത്യ സര്‍വാതെ, അക്ഷയ് വഖാരെ എന്നിവര്‍ വിദര്‍ഭയ്ക്കായി മൂന്ന് വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കമാണ് അജിന്‍ക്യ രഹാനെ നയിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യക്ക് ലഭിച്ചത്. അന്‍മോല്‍പ്രീത് സിങ് (15) പെട്ടെന്ന് പുറത്തായെങ്കിലും മായങ്ക് അഗര്‍വാളും വിഹാരിയും ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 125 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മായങ്ക് പോയതോടെ റെസ്റ്റ് ഓഫ് ഇന്ത്യ തകര്‍ന്നു. 

അജിന്‍ക്യ രഹാനെ (13), ശ്രേയാസ് അയ്യര്‍ (19), ഇശാന്‍ കിഷന്‍ (2), കൃഷ്ണപ്പ ഗൗതം (7), ധര്‍മേന്ദ്രസിങ് ജഡേജ (6), രാഹുല്‍ ചാഹര്‍ (22), അങ്കിത് രജ്പുത് (0) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. റെസ്റ്റ് ഓഫ് ഇന്ത്യയുടെ അവസാന വിക്കറ്റും വീണപ്പോള്‍ ആദ്യ ദിവസത്തെ കളി മതിയാക്കുകയായിരുന്നു.