ബാഴ്സലോണ: കാറ്റലോണിയക്കാരുടെ ഹൃദയത്തുടിപ്പായ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് നൂറ്റിപ്പതിനേഴാം പിറന്നാൾ. 1899ൽ നവംബര്‍ 29നാണ് ബാഴ്സലോണ ഫുട്ബോൾ ക്ലബ് രൂപീകരിച്ചത്. കളത്തിനകത്തും പുറത്തും ഒരു ക്ലബിനും അപ്പുറമായ ബാഴ്സയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസയിര്‍പ്പിച്ച് ആരാധകരും മുന്‍ താരങ്ങളുമെത്തി. സ്വിസ് ഫുട്ബോൾ താരമായ യോവാൻ കാമ്പറാണ് ബാഴ്സയുടെ പിതാവ്. പത്രപരസ്യം നൽകി കൂട്ടാളികളെയും കളിക്കാരെയും കണ്ടെത്തി ബാഴ്സയ്ക്ക് ജീവൻ നൽകിയത് 1899 നവംബർ 29ന്.

സ്പെയ്നിലെ രാഷ്ട്രീയവും വംശീയവുമായ പോരാട്ടങ്ങളുടെ ചരിത്രംകൂടിയുണ്ട് ബാഴ്സയ്ക്ക്. വിദേശിയാണ് ക്ലബ് രൂപീകരിച്ചതെങ്കിലും കാറ്റലോണിയൻ ദേശീയതയുടെ മറുവാക്ക്.റയൽ മാഡ്രിഡ്, അത്‍ലറ്റിക്കോ ബിൽബാവോ എന്നിവർക്കൊപ്പം ലലീഗയിൽ നിന്ന് തരംതാഴ്ത്തപ്പെടാത്ത ഏക ക്ലബ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമായ നൂ കാംപ് ആണ് ബാഴ്സയുടെ തട്ടകം. 1988ൽ യോഹാൻ ക്രൈഫ് പരിശീലകനായി എത്തിയതോടെയാണ് ബാഴ്സ വൻശക്തിയായി ഉണർന്നത്. ടോട്ടൽ ഫുട്ബോളുമായി ക്രൈഫ് വിസ്മയം തീർത്തു. ട്രോഫികൾ ഒന്നൊന്നായി ബാഴ്സയുടെ അലമാരയിൽ.

ലോകത്തോര താരങ്ങൾ ബാഴ്സയിലേക്കെത്തി.പുതുതാരങ്ങളെ വാർത്തെടുക്കുന്നതിലും ബാഴ്സ വഴികാട്ടിയായി. മെസ്സിയും ഇനിയെസ്റ്റയും ഫാബ്രിഗാസും സാവിയും പുയോളും പിക്വേയുമെല്ലാം ബാഴ്സയുടെ ലാ മസ്സിയ അക്കാഡമിയിലൂടെ കളിപഠിച്ചവർ. ശതകോടികൾ വാഗ്ദാനമുണ്ടെങ്കിലും ജഴ്സിയിൽ പരസ്യം അനുവദിക്കില്ലെന്ന കാർക്കശ്യം ബാഴ്സ ഇപ്പോഴും തുടരുന്നു. ലാ ലീഗയിൽ 24 തവണയും കിംഗ്സ് കപ്പില്‍ 28 തവണയും ചാമ്പ്യൻസ് ലീഗിൽ അഞ്ച് തവണയും ജേതാക്കളായ ബാഴ്സയുടെ താരങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ബാലണ്‍ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയതും.