മാപ്പു പറഞ്ഞശേഷം ഹര്‍ഭജന്‍ പൊട്ടിക്കരഞ്ഞുവെന്നും സൈമണ്ട്സ് ഡോക്യുമെന്ററിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് എപ്പോഴാണ് സംഭവിച്ചതെന്ന് തിരിച്ചുചോദിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ ട്വീറ്റിലൂടെ. ഞാന്‍ കരഞ്ഞുവെന്നോ, എന്തിന് എന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ ചോദിച്ചു.

പെര്‍ത്ത്: മങ്കി ഗേറ്റ് വിവാദത്തിന്റെ പേരില്‍ ഹര്‍ഭജന്‍ സിംഗ് തന്നോട് പൊട്ടിക്കരഞ്ഞ് മാപ്പുപറഞ്ഞുവെന്ന് മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്സ്. എന്നാല്‍ അതെപ്പോഴാണെന്നും, പൊട്ടിക്കരഞ്ഞത് എന്തിനാണെന്നും തിരിച്ചുചോദിച്ച് ഹര്‍ഭജന്‍ സിംഗ്. 2008ലെ സിഡ്നി ടെസ്റ്റിനിടെയുണ്ടായ മങ്കി ഗേറ്റ് വിവാദത്തിന് പത്തുവര്‍ഷമായതിന്റെ പശ്ചാത്തലത്തില്‍ ഫോക്സ് സ്പോര്‍ട്സ് തയാറാക്കിയ ഡോക്യുമെന്ററിയിലാണ് പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ സഹതാരമായ ഹര്‍ഭജന്‍ മാപ്പു പറഞ്ഞതായി സൈമണ്ട്സ് വെളിപ്പെടുത്തിയത്.

മാപ്പു പറഞ്ഞശേഷം ഹര്‍ഭജന്‍ പൊട്ടിക്കരഞ്ഞുവെന്നും സൈമണ്ട്സ് ഡോക്യുമെന്ററിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് എപ്പോഴാണ് സംഭവിച്ചതെന്ന് തിരിച്ചുചോദിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ ട്വീറ്റിലൂടെ. ഞാന്‍ കരഞ്ഞുവെന്നോ, എന്തിന് എന്നും ഹര്‍ഭജന്‍ ട്വീറ്റില്‍ ചോദിച്ചു.

Scroll to load tweet…

ഐപിഎല്ലിനിടെ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു ഹര്‍ഭജന്‍ മാപ്പു പറഞ്ഞതെന്നാണ് സൈമണ്ട്സ് അവകാശപ്പെടുന്നത്. സമ്പന്നനായി ഒരു വ്യക്തിയുടെ ആതിഥേയത്വം സ്വീകരിച്ച് അത്താഴവിരുന്നിന് പോയതായിരുന്നു മുംബൈ ടീം അംഗങ്ങള്‍. ഈ സമയം ഹര്‍ഭജന്‍ അടുത്തുവന്ന് എന്നോട് പറഞ്ഞു, സുഹൃത്തേ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. സിഡ്നിയില്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരുപാട് വിഷമമുണ്ടാക്കി എന്ന് അറിയാം. അതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പു പറയുന്നു. ഞാനത് പറയാന്‍ പാടില്ലായിരുന്നു. അത് പറയുമ്പോള്‍ ഹര്‍ഭജന്‍ കരയുന്നത് എനിക്ക് കാണാമായിരുന്നു. ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞ‌ു, സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു. എല്ലാം കഴിഞ്ഞില്ലേ.-സൈമണ്ട്സ് പറഞ്ഞു.

2008ലെ സിഡ്നി ടെസ്റ്റിനിടെ ഹര്‍ഭജന്‍ സിംഗ് സൈമണ്ട്സിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഹര്‍ഭജനെ ഐസിസി മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കി. എന്നാല്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുമെന്ന് ഇന്ത്യ ഭീഷണി മുഴക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളാവുകയും ചെയ്തു.

എന്നാല്‍ ഈ സംഭവം തന്റെ കരിയറിനെ വളരെ മോശമായി ബാധിച്ചുവെന്ന് സൈമണ്ട്സ് പറയുന്നു. കടുത്ത മദ്യപാനത്തിലേക്ക് തിരിഞ്ഞ സൈമണ്ട്സുമായുള്ള കരാര്‍ ക്രിക്കറ്റ് ഓസ്ട്രേലിയ 2009ല്‍ റദ്ദാക്കി. 2009ലെ ട്വന്റി-20 ലോകകപ്പിനിടെ മത്സരത്തലേന്ന് പാതിരാത്രിവരെ നൈറ്റ് ക്ലബ്ബില്‍ പോയി മദ്യപിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് സൈമണ്ട്സിനെ ഓസ്ട്രേലിയന്‍ ടീം നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പിന്നീട് രാജ്യാന്തര ക്രിക്കറ്റില്‍ അധികകാലം തുടരാന്‍ സൈമണ്ട്സിനായില്ല.