സെവാഗിന് ഇതിനേക്കാള്‍ വലിയ പിറന്നാള്‍ സമ്മാനം ലഭിക്കാനില്ല. നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ സെവാഗിനെ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്ത് ഭാജിയുടെ ആശംസ.
ഡല്‍ഹി: നിരവധി യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ കരിയര്‍. ഭയമില്ലായ്‌മയും ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ബാറ്റിംഗ് വെടിക്കെട്ടുമായി കാണികളെ കയ്യിലെടുത്ത സെവാഗിന്‍റെ 40-ാം പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ വീരുവിനെ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്‌തിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്.
വീരു സമകാലിക ക്രിക്കറ്റിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണെന്ന് സഹതാരമായിരുന്ന ഭാജി പറയുന്നു. സെവാഗിന് എല്ലാവിധ ആശംസകളും നേരുന്നതായും ഇന്ത്യന്‍ സ്‌പിന്നര്‍ കുറിച്ചു. ഇതാദ്യമായല്ല വീരുവിനെ വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്യുന്നത്. 'എനിക്ക് ഒരിക്കലും റിച്ചാര്‍ഡ്‌സിന്‍റെ ബാറ്റിംഗ് നേരില്‍ കാണാനായിട്ടില്ല, എന്നാല്‍ സെവാഗിന്‍റെ ബാറ്റിംഗ് കാണാനായി' എന്ന് യുവ്‌രാജ് സിംഗ് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു,
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സെവാഗിന് മറ്റ് സഹതാരങ്ങളും ആരാധകരും 40-ാം ജന്‍മദിനാശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും വീരുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്.
