മഹേന്ദ്ര സിംഗ് ധോണിക്കെതിരെ രൂക്ഷവിമര്‍നവുമായി സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ടീം സെലക്ഷന്‍ സമയത്ത് ധോണിക്ക് ലഭിക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങള്‍ തനിക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. ഐപിഎല്ലില്‍ തിളങ്ങാത്ത ധോണിക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് അവസരം നല്‍കിയതിനെപ്പറ്റിയായിരുന്നു ഹര്‍ഭജന്റെ പ്രസ്താവന. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധോണിയെ ഹര്‍ഭജന്‍ വിമര്‍ശിച്ചത്.

ടീമിലേക്ക് ധോണി വളരെ വേഗം പരിഗണിക്കപ്പെട്ടു. ഞങ്ങള്‍ക്കൊന്നും കിട്ടാത്ത ഒരു പരിഗണന ധോണിക്ക് ലഭിക്കുന്നതായാണ് അനുഭവപ്പെടുന്നത്. ധോണിയെ പോലെ തങ്ങളും 19 വര്‍ഷത്തോളം ടീം ഇന്ത്യയുടെ ഭാഗമായിരുന്നു. ജയത്തിലും തോല്‍വിയിലും ഇന്ത്യയ്‌ക്കൊപ്പം നിന്നവരാണ് ഞങ്ങളും. ഹര്‍ഭജന്‍ പറയുന്നു. താന്‍ രണ്ട് ലോകകപ്പ് വിജയിയാണ്. എന്നാല്‍ ഈ പരിഗണന ചില കളിക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. തങ്ങള്‍ക്കൊന്നും ലഭിക്കുന്നില്ല. ഹര്‍ഭജന്‍ പറയുന്നു. തീര്‍ച്ചയായും നമ്മള്‍ കാണുന്നത് ധോണി പന്ത് അടിച്ചകറ്റുന്നില്ല എന്നത് തന്നെയാണ്.

ഇതെന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് സെലക്ടര്‍മാരാണ്. ഞാന്‍ എന്റെ ഗുണങ്ങള്‍ പാടിനടക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ ചിലര്‍ ചിലരേക്കാള്‍ പരിഗണന ലഭിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ധോണി ക്യാപ്റ്റനായിരുന്നു. കളി നന്നായി മനസ്സിലാക്കാനും കഴിയുന്നു. മധ്യനിരയില്‍ ധോനിയുണ്ടാകുന്നത് യുവതാരങ്ങള്‍ക്ക് ഏറെ ആത്മവിശ്വസവും നല്‍കുന്നുവെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. ഗൗതം ഗംഭീറും തന്നെ പോലെ അവഗണ നേരിടുകയാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും തനിക്കും ഗൗതം ഗംഭീറിനുമെല്ലാം ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം ഇന്ത്യയില്‍ സ്ഥാനം ലഭിക്കാതെ പോയതാണ് ഹര്‍ഭജനെ നിരാശനാക്കുന്നത്.