മുംബൈ: കായികരംഗത്തെ വിവിധ കാലഘട്ടത്തിലെ കളിക്കാരെ തമ്മില്‍ താരതമ്യം ചെയ്യുന്നത് നീതീകരിക്കാനാവില്ലെങ്കിലും ആരാധകരുടെ ഇഷ്ട ചര്‍ച്ചാ വിഷയം എപ്പോഴും  ഇതുതന്നെയായിരിക്കും. പെലെയോ മറഡോണയോ, മെസിയോ റൊണാള്‍ഡോയോ, സച്ചിനോ ലാറയോ, സച്ചിനോ കോലിയോ അങ്ങനെ പോകുന്നു ആ താരതമ്യങ്ങള്‍.

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലിനോടും ഹര്‍ദ്ദീക് പാണ്ഡ്യയോടും കരണ്‍ ജോഹറും ഇതേ ചോദ്യം ചോദിച്ചു. സച്ചിനോ കോലിയോ കേമന്‍ ?. യാതൊരു മടിയും കൂടാതെ ഇരുവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞത് തങ്ങളുടെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ കൂടിയായ വിരാട് കോലിയാണ് സച്ചിനേക്കാള്‍ കേമനെന്നായിരുന്നു. ഇതോടെ ആരാധകര്‍ ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയും തുടങ്ങി.

കോലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റനെന്ന ചോദ്യത്തിന് ഹര്‍ദ്ദീക് പാണ്ഡ്യ പറഞ്ഞ മറുപടി ധോണിയെന്നായിരുന്നു. പാണ്ഡ്യയുടെ അഭിപ്രായത്തോട് രാഹുല്‍ യോജിച്ചു.