മുംബൈ-ബെംഗളൂരു മത്സരത്തില്‍  മുംബൈ വിക്കറ്റ് കീപ്പര്‍ ഇഷാന്‍റെ മുഖത്ത് ടീം അംഗം തന്നെയായ ഹാര്‍ദ്ദിക്ക് പണ്ഡ്യയുടെ ഏറ് കൊണ്ടിരുന്നു

മുംബൈ-ബെംഗളൂരു മത്സരത്തില്‍ മുംബൈ വിക്കറ്റ് കീപ്പര്‍ ഇഷാന്‍റെ മുഖത്ത് ടീം അംഗം തന്നെയായ ഹാര്‍ദ്ദിക്ക് പണ്ഡ്യയുടെ ഏറ് കൊണ്ടിരുന്നു. അവിചാരിതമായി നടന്ന സംഭവത്തില്‍ ഭാഗ്യം കൊണ്ടാണ് ഇഷാന്‍റെ കണ്ണിന് പന്ത് കൊള്ളാതിരുന്നത്. ബാംഗ്ലൂരിന്‍റെ പതിമൂന്നാം ഓവറിലാണ് സംഭവം. ഭുംറയുടെ പന്തില്‍ വിരാട് കോഹ്ലി സിംഗിളെടുത്തപ്പോള്‍ പന്ത് കൈപ്പിടിയിലൊതുക്കിയ ഹര്‍ദ്ദിക് പാണ്ഡ്യ സര്‍ഫ്രാസ് ഖാന്‍റെ വിക്കറ്റ് ലക്ഷ്യമിട്ട് സ്‌ട്രൈക്കിങ് എന്‍ഡിലേക്ക് പന്തെറിയുകയായിരുന്നു.

പന്ത് കളക്ട് ചെയ്യാന്‍ ഇഷാന്‍ എത്തി. പക്ഷേ പന്ത് പിച്ച് ചെയ്ത് അപ്രതീക്ഷിതമായി ഉയര്‍ന്ന് താരത്തിന്റെ മുഖത്ത് പതിക്കുകയായിരുന്നു. ഇതോടെ വേദന കൊണ്ട് പുളഞ്ഞ ഇശാന് നിലത്ത് വീഴുകയും ചെയ്തു. പിന്നീട് ഡോക്ടര്‍മാരുടെ സംഘം ഗ്രൗണ്ടിലെത്തി ഇഷാനെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഓസ്ട്രലീയന്‍ താരമായ ഫിലിപ്പ് ഹ്യൂസിന്റെ അടക്കം നിരവധി ദുരന്തങ്ങള്‍ മൈതാനങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യത്തില്‍ ഇഷാന്റെ വാര്‍ത്ത നടുക്കത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്.

എന്നാല്‍, പന്ത് എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യ ഇഷാനോട് മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം മാപ്പ് പറഞ്ഞത്. Sorry Bhai! Stay Strong! എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. ഒപ്പം ഇഷാനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.