പാണ്ഡ്യ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മുന്‍ നായകന്‍

മുംബൈ: നിലവിലെ ഇന്ത്യന്‍ ടീമിലെ ശക്തനായ ഓള്‍റൌണ്ടറാണ് ഹർദിക് പാണ്ഡ്യ. ഇതിഹാസ ഓള്‍റൌണ്ടർ കപില്‍ ദേവുമായാണ് ക്രിക്കറ്റ് ചർച്ചകളില്‍ പാണ്ഡ്യ താരതമ്യം ചെയ്യപ്പെടുന്നത്. എന്നാല്‍ പാണ്ഡ്യയെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറുമായി താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ല എന്ന് വിലയിരുത്തുന്നവരുണ്ട്. 

കരിയറിന്‍റെ ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന പാണ്ഡ്യയെ ഇതിഹാസ ഓള്‍റൗണ്ടര്‍ കപിലുമായി താരതമ്യം ചെയ്യുന്നതിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടി മുന്‍ താരം സന്ദീപ് പാട്ടില്‍ രംഗത്തെത്തിയിരുന്നു. അതേസമയം ലളിതമായ പിഴവുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ താനുമായി താരതമ്യം ചെയ്യപ്പെടാന്‍ പാണ്ഡ്യ അര്‍ഹനല്ലെന്ന് കപിലും മുമ്പ് തുറന്നടിച്ചു.

ഇപ്പോള്‍ വീണ്ടും പാണ്ഡ്യയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കപില്‍ ദേവ്. ഹർദിക് ബാറ്റിംഗ് ഓള്‍റൌണ്ടറാണെന്നും മികവ് പുലർത്താന്‍ താരം ബാറ്റിംഗില്‍ തീവ്ര പ്രയത്നം നടത്തണമെന്നും മുന്‍ നായകന്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടത്തില്‍ കേപ്ടൌണ്‍ ടെസ്റ്റിലൊഴികെ(93) ബാറ്റിംഗില്‍ പാണ്ഡ്യ വന്‍ പരാജയമായിരുന്നു. 

പാണ്ഡ്യ വളരെ ചെറുപ്പമാണ്, എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷ അതിലേറെ ഉയരത്തിലാണ്. കഴിവുള്ള താരമാണെങ്കിലും എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് കാത്തിരുന്ന് കാണാനാണ് ആഗ്രഹിക്കുന്നത്. താരതമ്യങ്ങള്‍ താരത്തിന് മേല്‍ കൂടുതല്‍ സമ്മർദം സൃഷ്ടിക്കുമെന്നും 1983 ലോകപ്പില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച നായകന്‍ പറഞ്ഞു.