മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ തള്ളി മുൻ കാമുകിയും സ്വീഡിഷ്- ഗ്രീക്ക് നടിയുമായ എല്ലി അവ്റാം രംഗത്ത്. പാണ്ഡ്യയുടെ പരാമർശം തന്നെ അത്ഭുതപ്പെടുത്തിയെന്നും താനറിയുന്ന ഹാര്‍ദിക് പാണ്ഡ്യ ഇങ്ങനെയല്ലെന്നും എല്ലി പറഞ്ഞു. 25-ാമത് എസ്ഒഎൽ ഗോൾഡ് അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എല്ലി.
 
പാണ്ഡ്യയുടെ പരാമർശം വളരെ ഖേദകരമാണ്. ഇത്തരം പെരുമാറ്റത്തിൽ ആളുകൾ പ്രതികരിക്കുന്നതും അവരെ മുട്ടുകുത്തിക്കുന്നതും വലിയ കാര്യമാണ്. ഇതിലൂടെ ഇത്തരം മനോഭാവമുള്ള ആളുകൾ ശാന്തരായവരല്ലെന്ന് ആളുകൾക്ക് മനസ്സിലാകുന്നു. നമ്മൾ 2019ലാണ് ജീവിക്കുന്നത്. ഇവിടെ സ്ത്രീകൾക്ക് ശബ്ദമുയർത്താനുള്ള പ്രാപ്തിയുണ്ട്. സ്‌ത്രീകൾ അവർക്ക് വേണ്ടി സംസാരിക്കുന്നുണ്ട്. അവർക്കെതിരേ അനാദരവ് കാട്ടാൻ അവർ അനുവദിക്കുകയില്ല. അല്ലെങ്കിൽ ഒരു വസ്തുവിനെ നോക്കുന്നതുപോലെ അവരെ നോക്കാൻ പോലും അവർ അനുവദിക്കുകയില്ലെന്നും എല്ലി പറഞ്ഞു.   

ബോളിവുഡിൽ കിസ് കിസ്ക്കോ കരൂം എന്ന ചിത്രത്തിൽ എല്ലി അഭിനയിച്ചിട്ടുണ്ട്.പ്രണയത്തിലായിരുന്ന സമയത്ത് എല്ലി പാണ്ഡ്യയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.   
 
കോഫീ വിത്ത് കരണ്‍ എന്ന ടിവി ഷോയിലാണ് ഹ‍ര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നും ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് പറഞ്ഞു.

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യം കെ എല്‍ രാഹുല്‍ തുറന്നു പറഞ്ഞു. ഇവരുടേയും തുറന്നു പറച്ചിലുകൾക്ക് രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. 

വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇരുവരേയും ബിസിസിഐ സസ്പെന്‍ഷന്‍ ചെയ്തു. ഇരുവര്‍ക്കുമെതിരായ ബിസിസിഐ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെയാണ് സസ്പെന്‍ഷനെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് പറഞ്ഞു. സസ്പെന്‍ഷന്‍ ഭരണസമിതി അംഗം ഡയാന എഡുല്‍ജിയും അംഗീകരിച്ചതോടെയാണ് അച്ചടക്ക നടപടി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ശനിയാഴ്ച തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാവുന്ന തീരുമാനം ബിസിസിഐ പ്രഖ്യാപിച്ചത്. ഏറ്റഴും ഒടുവിൽ ഇരുവരും തിരിച്ച് വരാൻ വൈകുമെന്ന് റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.