അവസാന പന്ത് റാസിക് സലാം രാജ് ബാവക്ക് നേര്‍ക്കാണ് അടിച്ചത്. എന്നാല്‍ പന്ത് രാജ് ബാവയുടെ കൈയില്‍ തട്ടി ലോംഗ് ഓണിലേക്ക് പോയതോടെ റാസിക് സലാമും ഭുവിയും ചേര്‍ന്ന് രണ്ട് റണ്‍സ് ഓടിയെടുത്ത് ആര്‍സിബിക്ക് ആവേശജയം സമ്മാനിച്ചു.
റായ്പൂര്‍: ഐപിഎല്ലില്‍ ആവേശം അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 167റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് രാജ് ബാവ എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. റൊമാരിയോ ഷെപ്പേര്‍ഡും റാസിക് സലാമുമായിരുന്നു ക്രീസില്‍. ആദ്യ രണ്ട് പന്തില്‍ വൈഡിലൂടെയും നോ ബോളിലൂടെയും നാല് റണ്‍സ് കിട്ടിയതോടെ ആര്‍സിബിയുടെ ലക്ഷ്യം 4 പന്തില്‍ 10 ആയി. മൂന്നാം പന്തില്‍ ഷെപ്പേര്‍ഡിനെ പുറത്താക്കിയ രാജ് ബാവ മുംബൈക്ക് മേല്‍ക്കൈ നല്‍കിയെങ്കിലും നാലാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ സിക്സ് പറത്തി. ഇതോടെ ലക്ഷ്യം 2 പന്തില്‍ 3 റണ്‍സായി. അടുത്ത പന്തില്‍ ഭുവി സിംഗിളെടുത്തതോടെ അവസാന പന്തിലെ ലക്ഷ്യം 2 റണ്‍സായി.

അവസാന പന്ത് റാസിക് സലാം രാജ് ബാവക്ക് നേര്‍ക്കാണ് അടിച്ചത്. എന്നാല്‍ പന്ത് രാജ് ബാവയുടെ കൈയില്‍ തട്ടി ലോംഗ് ഓണിലേക്ക് പോയതോടെ റാസിക് സലാമും ഭുവിയും ചേര്‍ന്ന് രണ്ട് റണ്‍സ് ഓടിയെടുത്ത് ആര്‍സിബിക്ക് ആവേശജയം സമ്മാനിച്ചു. രണ്ടോവറില്‍ 18 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ പത്തൊമ്പതാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ 3 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെയാണ് അവസാന ഓവറിലെ ലക്ഷ്യം 15 റണ്‍സായത്. കടുത്ത പേശിവലിവ് അനുഭവപ്പെട്ടിട്ടും പരിക്കിനെ വകവെക്കാതെ ഒറ്റക്ക് പൊരുതി 46 പന്തില്‍ 73 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുടെ പോരാട്ടമാണ് ആര്‍സിബിയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത്. പതിനെട്ടാം ഓവറില്‍ ക്രുനാല്‍ പുറത്തായശേഷമായിരുന്നു ആര്‍സിബി അവസാന പന്തില്‍ വിജയം എത്തിപ്പിടിച്ചത്. ജയത്തോടെ 14 പോയന്‍റുമായി ആര്‍സിബി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 11 കളികളില്‍ 6 പോയിന്‍റ് മാത്രമുള്ള മുംബൈ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനൊപ്പം പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി. സ്കോര്‍ മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ 166-7, ആര്‍സിബി 20 ഓവറില്‍ 167-8
ചാഹറിന്‍റെ ഇരട്ടപ്രഹരത്തില്‍ ഞെട്ടി ആര്‍സിബി
167 റണ്‍സ് വിജയലക്ഷ്യത്തലേക്ക് ബാറ്റ് വീശിയ ആര്‍സിബിക്ക് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നാലാം പന്തില്‍ വിരാട് കോലിയെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കാക്കി ദീപക് ചാഹര്‍ ആര്‍സിബിയെ ഞെട്ടിച്ചു. ജേക്കബ് ബേഥലും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കിയെങ്കിലും പടിക്കലിനെ(12) മടക്കി ദീപക് ചാഹര്‍ തന്നെ മടക്കിയതോടെ ആര്‍സിബി 28-2 എന്ന നിലയില്‍ പതറി. പവര്‍ പ്ലേ തീരും മുമ്പ് ഫോമിലുള്ള ക്യാപ്റ്റൻ രജത് പാട്ടീദാറിനെ(8) കോര്‍ബിന്‍ ബോഷ് പുറത്താക്കിയതോടെ ആര്‍സിബി 39-3 എന്ന സ്കോറില്‍ പ്രതിസന്ധിയിലായി. എന്നാല്‍ ക്രുനാല്‍ പാണ്ഡ്യയും ബേഥലും ചേര്‍ന്ന് ആര്‍സിബിയെ കരകയറ്റി. 42 പന്തില്‍ 55 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഇരുവരും ആര്‍സിബിയെ 100ന് അടുത്തെത്തിച്ചു. ജേക്കബ് ബേഥലിനെ(27) പുറത്താക്കിയ കോര്‍ബിന്‍ ബോഷ് തന്നെയാണ് വീണ്ടും കൂട്ടുകെട്ട് തകര്‍ത്ത് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ജിതേഷ് ശര്‍മക്കൊപ്പം തകര്‍ത്തടിച്ച ക്രുനാല്‍ പാണ്ഡ്യ 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി ആര്‍സിബിയുടെ പ്രതീക്ഷ കാത്തു. ആര്‍സിബി അനായാസം ജയിക്കുമെന്ന് കരുതിയപ്പോള്‍ തുടര്‍ച്ചയായ പന്തുകളില്‍ ജിതേഷ് ശര്‍മയെയും(12 പന്തില്‍ 18) ടിം ഡേവിഡിനെയും(0) പുറത്താക്കിയ കോര്‍ബിന്‍ ബോഷ് മുംബൈയെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിച്ചു. അവസാന മൂന്നോവറില്‍ 30 റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. കാലിലിലെ പേശിവലിവ് കാരണം ഓടാൻ പോലും ബുദ്ധിമുട്ടിയ ക്രുനാല്‍ പാണ്ഡ്യ ഗസന്‍ഫര്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സ് പറത്തി. വീണ്ടും സിക്സ് അടിക്കാനുള്ള ശ്രമം തിലക് വര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ഒടുങ്ങി. 46 പന്തില്‍ 73 റണ്‍സെടുത്ത ക്രുനാല്‍ മടങ്ങുമ്പോള്‍ രണ്ടോവറില്‍ 18 റണ്‍സായിരുന്നു ആര്‍സിബിയുടെ ലക്ഷ്യം.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും തിലക് വര്‍മയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തത്. 42 പന്തില്‍ 57 റണ്‍സെടുത്ത തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്കോറര്‍. നമന്‍ ധിര്‍ 32 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. രോഹിത് ശര്‍മ 10 പന്തില്‍ 22 റണ്‍സെടുത്തപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. ആര്‍സിബിക്കായി ഭുവനേശ്വര്‍ കമാര്‍ നാലോവറില്‍ 23 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഹേസല്‍വുഡ് ഒരു വിക്കറ്റെടുത്തു.