ജൊഹനസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഗ്ലാമര്‍ ബോയിയാണ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഓരോ പരമ്പരകളിലും വ്യത്യസ്ത ഹെയര്‍ സ്റ്റൈലുമായാണ് പാണ്ഡ്യ കളിക്കിറങ്ങാറുള്ളത്. മുടിയില്‍ നീലപ്പൊന്‍മാനെ വെട്ടിയൊരുക്കിയാണ് പാണ്ഡ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയത്. നീലപ്പൊന്‍മാന്‍ ഹിറ്റായെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാണ്ഡ്യയുടെ ബാറ്റിംഗ് ഹിറ്റായിരുന്നില്ല.
ബാറ്റിംഗില്‍ പൂര്‍ണ പരാജയമായ പാണ്ഡ്യയെ ട്വിറ്ററില്‍ കൈകാര്യം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍. ഗിത്താറുമായി പോസ് ചെയ്ത് ട്വിറ്ററില്‍ പാണ്ഡ്യ പങ്കുവെച്ച ചിത്രമാണ് ആരാധകരെ ചൊടിപ്പിച്ചത്. മേക്ക് ഓവറിലല്ല ബാറ്റിംഗിലാണ് പാണ്ഡ്യ ശ്രദ്ധിക്കേണ്ടതെന്ന ഉപദേശമായി ആരാധകര്‍ രംഗത്തെത്തി. മുടിയിലല്ല നെറ്റ്സില്‍ ബാറ്റിലാണ് കളര്‍ ചേര്‍ക്കേണ്ടത് എന്നായിരുന്നു ഒരു ആരാധകന്‍റെ ഉപദേശം.
കേപ്ടൗണ്‍ ടെസ്റ്റില്‍ 93 റണ്‍സെടുത്തതാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോര്‍. ആദ്യ ടി20യില്‍ പുറത്താകാതെ നിന്ന പാണ്ഡ്യ ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 13 റണ്‍സെടുത്തു. പോര്‍ട്ട് എലിസബത്തിലെ അഞ്ചാം ഏകദിനത്തില്‍ ഗോള്‍ഡണ്‍ ഡക്കായ പാണ്ഡ്യയെ ആരാധകര്‍ സമാന രീതിയില്‍ നേരത്തെ കൈകാര്യം ചെയ്തിരുന്നു.
