Asianet News MalayalamAsianet News Malayalam

'പരിശീലകനായി രമേശ് പവാര്‍ മതി'; സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത്തും ബിസിസിഐക്ക് കത്ത് നല്‍കിയെന്ന് റിപ്പോര്‍ട്ട്

ബിസിസിഐ പുതിയ പരിശീലകനെ തേടുന്ന ഘട്ടത്തിലാണ് പ്രധാന താരങ്ങളായ സ്മൃതിയും ഹര്‍മനും രമേശ് പവാറിനെ പിന്തുണച്ച് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ടീം കഴിഞ്ഞ മാസങ്ങളില്‍ വലിയ പുരോഗതിയാണ് രമേശ് പവാറിന്‍റെ പരിശീലകനത്തിന് കീഴില്‍ കെെവരിച്ചതെന്ന് ഹര്‍മന്‍പ്രീത് തന്‍റെ കത്തില്‍ വ്യക്തമാക്കി

harmanpreet and smrithi mandhana write letter for ramesh powar
Author
Mumbai, First Published Dec 3, 2018, 10:32 PM IST

മുംബെെ: ഇന്ത്യന്‍ വനിത ക്രിക്കറ്റില്‍ ഉടലെടുത്ത പോര് വീണ്ടും രൂക്ഷമാകുന്നു. മുതിര്‍ന്ന താരം മിതാലി രാജും പരിശീലകന്‍ രമേശ് പവാറും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പരിശീലകനായി രമേശ് പവാര്‍ തന്നെ മതിയെന്ന ആവശ്യവുമായി ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും ബിസിസിഐക്ക് കത്ത് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിതി ശാന്തമാക്കുന്നതിനായി ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരോട് അപേക്ഷ നല്‍കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. വനിത ട്വന്‍റി 20 ലോകകപ്പ് വരെയുണ്ടായിരുന്ന രമേശ് പവാറിന്‍റെ കരാര്‍ നീട്ടേണ്ടന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.

എന്നാല്‍, ബിസിസിഐ പുതിയ പരിശീലകനെ തേടുന്ന ഘട്ടത്തിലാണ് പ്രധാന താരങ്ങളായ സ്മൃതിയും ഹര്‍മനും രമേശ് പവാറിനെ പിന്തുണച്ച് കത്ത് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ ടീം വലിയ പുരോഗതിയാണ് രമേശ് പവാറിന്‍റെ പരിശീലനത്തിന് കീഴില്‍ കെെവരിച്ചതെന്ന് ഹര്‍മന്‍പ്രീത് തന്‍റെ കത്തില്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടെെംസ് റിപ്പോര്‍ട്ട് ചെയ്തു.

ടീമിനെ മെച്ചപ്പെടുത്തുന്നത് കൂടാതെ വലിയ വെല്ലുവിളികള്‍ നേരിടാന്‍ പ്രചോദിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. 15 മാസം കൂടിയേ അടുത്ത ട്വന്‍റി 20 ലോകകപ്പിനുള്ളൂ. ന്യുസിലാന്‍ഡ് പര്യടനവും ഉടന്‍ നടക്കാനിരിക്കുന്നു. ട്വന്‍റി 20 ക്യാപ്റ്റനെന്ന നിലയിലും ഏകദിന ടീം വെെസ് ക്യാപ്റ്റന്‍ എന്ന നിലയിലും രമേശ് പവാറിനെ ഇപ്പോഴത്തെ നിലയില്‍ മാറ്റേണ്ട കാര്യമില്ലെന്നും ഹര്‍മന്‍പ്രീത് കത്തില്‍ കുറിച്ചു.

14 ട്വന്‍റി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ടീമിന് വിജയിക്കാന്‍ രമേശ് പവാര്‍ എന്ന പരിശീലകന്‍റെ സഹായം വലുതായിരുന്നുവെന്ന് സ്മൃതി മന്ദാനയും കത്തില്‍ വ്യക്തമാക്കുന്നു. ഫോമിലായിരുന്നിട്ടും ടി20 വനിതാ ലോകകപ്പ് സെമിയില്‍ മിതാലിയെ കളിപ്പിക്കാത്തിരുന്നതാണ് ഇന്ത്യന്‍ ടീമിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. 

മിതാലി കളിക്കാതിരുന്ന സെമിയില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനും സിഒഎ അംഗത്തിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ കത്ത് മിതാലി ബിസിസിഐക്ക് അയച്ചത്. രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായി മിതാലി കത്തില്‍ ആരോപിച്ചു.

തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമിൽ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാർ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാൻ ആകില്ലെന്നുമായിരുന്നു കത്തിന് രമേശ് പവാറിന്‍റെ മറുപടി. ബിസിസിഐക്ക് പവാര്‍ നല്‍കിയ ഈ മറുപടിയോടും മിതാലി പ്രതികരിച്ചിരുന്നു.

'എനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കളിയോടുള്ള എന്‍റെ സമര്‍പ്പണവും എന്‍റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നുവെന്നും' മിതാലി പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഓഫ് സ്‌പിന്നറായ പവാറിനെ കഴിഞ്ഞ ആഗസ്റ്റിലാണ് പരിശീലനായി നിയമിച്ചത്. പവാറിന്‍റെ ആദ്യ അന്താരാഷ്ട്ര പരിശീലക്കളരി ആയിരുന്നു ഇത്. 

Follow Us:
Download App:
  • android
  • ios