ലണ്ടന്‍: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയയുടെ കിരീട സ്വപ്നങ്ങള്‍ തച്ചുടച്ച ഇന്നിംഗ്സിലൂടെ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ്. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഏതെങ്കിലും ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന ലോക റെക്കോര്‍ഡാണ് അതില്‍ ആദ്യത്തേത്.
ഇതിനൊപ്പം ഇന്ത്യക്കാരിയുടെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ( ദീപ്തി ശർമ്മ 188),ലോകകപ്പിലെ ഇന്ത്യക്കാരിയുടെ ഉയർന്ന വ്യക്തിഗത സ്കോർ, ഏകദിന ക്രിക്കറ്റിലെ മികച്ച അഞ്ചാത്തെ വ്യക്തിഗത സ്കോർ, ഒരിന്നിങ്സിലെ ഏറ്റവുമധികം സിക്സറുകൾ(7) എന്നീ റെക്കോര്‍ഡുകളും ഹര്‍മന്‍പ്രീത് സ്വന്തം പേരിലെഴുതി. ഹര്‍മന്‍പ്രീത് നേടിയ 171 റണ്‍സ് വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഒരുതാരം നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ്.ഹര്‍മന്‍പ്രീത് നേടിയ 171 റണ്‍സ് ഓപ്പണറല്ലാത്ത ഒരു താരം ഓസ്ട്രേലിയക്കെതിരെ(പുരുഷ/വനിതാ)നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ്.
ഇതിനുപുറമെ ഇന്ത്യന്‍ ടീമും ഒരുപിടി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി. മുന്‍നിര ടീമുകളായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളെ ഒരു ലോകകപ്പില്‍ തോല്‍പ്പിക്കുന്ന ആദ്യ ടീമെന്ന റോക്കോര്‍ഡാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഇന്ത്യയെ രണ്ടുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് നായിക മിതാലി രാജിന് സ്വന്തമായി.
ഓസ്ട്രേലിയക്കെതിരെ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ജൂലന്‍ ഗോസ്വാമി ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറായി. എഡുല്‍ജിയുടെ റെക്കോര്‍ഡാണ് ജൂലന്‍ മറികടന്നത്.
