ലണ്ടന്‍: വനിതാ ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‍ട്രേലിയയ്‌ക്കെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനിടെ സഹതാരം ദീപ്‍തി ശര്‍മയോട് പൊട്ടിത്തെറിച്ച് ഇന്ത്യയുടെ വിജയനായികയായ ഹര്‍മന്‍പ്രീത് കൗര്‍. പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തന്നെ റണ്ണൗട്ടാക്കിയതിന്റെ പേരില്‍ ഹര്‍ദ്ദീക് പാണ്ഡ്യ രവീന്ദ്ര ജഡേജയോട് പൊട്ടിത്തെറിച്ചതിന് സമാനമായാണ് ഹര്‍മന്‍പ്രീത് ദീപ്തിയോടും പൊട്ടിത്തെറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
സെഞ്ചുറിക്ക് രണ്ട് റണ്‍സ് മാത്രം അകലെ നില്‍ക്കെ രണ്ടാം റണ്ണിനായി ഓടിയ തന്റെ വിളി കേള്‍ക്കാതെ നിന്ന ദീപ്തിയുടെ നടപടിയാണ് ഹര്‍മനെ ചൊടിപ്പിച്ചത്. ഹര്‍മന്‍ രണ്ടാം റണ്ണിനായി ഓടുമെന്ന് പ്രതീക്ഷിക്കാതെ നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ നിന്ന ദീപ്തി പ്രതികരിക്കാന്‍ വൈകിയതാണ് നാടകീയ രംഗങ്ങള്‍ക്ക് കാരണമായത്. ഒടുവില്‍ വൈകിയാണെങ്കിലും ദീപ്തി ഓടിയെത്തി. തലനാരിഴയ്‌ക്കാണ് റണ്ണൗട്ടില്‍ നിന്ന് ദീപ്തി രക്ഷപ്പെട്ടത്.
Is it @ImHarmanpreet or @imVkohli ?
— #VicY-786 (@IamVicySinha) July 20, 2017
Harmanpreet Kaur#ICCWomensWorldCup2017#IndvAuspic.twitter.com/5ZIiZzF3QU
ഓസീസ് വിക്കറ്റ് കീപ്പര്‍ ദീപ്തിസെ സ്റ്റമ്പ് ചെയ്ത് ഔട്ടിനായി അപ്പീല്‍ ചെയ്തപ്പോള്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ഈ അവസരത്തിലാണ് ഹര്‍മന്‍പ്രീത് ദേഷ്യം നിയന്ത്രിക്കാനാകാതെ ദീപ്തിക്ക് നേരെ അലറിയത്. തേര്‍ഡ് അമ്പയര്‍ ദീപ്തിയെ നോട്ടൗട്ട് വിധിച്ചതോടെയാണ് രംഗം ശാന്തമായത്. രണ്ട് റണ്‍സ് പൂര്‍ത്തിയാക്കി കൗര്‍ സെഞ്ചുറി തികയ്‌ക്കുകയും ദേഷ്യപ്പെട്ടതിന് ദീപ്തിയുടെ അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. 171 റണ്‍സെടുത്ത കൗര്‍ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോറാണ് കുറിച്ചത്. മറുവശത്ത് നിന്നിരുന്ന ദീപ്തി ശര്‍മയുടെ പേരിലാണ്(188 റണ്‍സ്) ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്നത് മറ്റൊരു യാദൃശ്ചികതയായി.
