ഡാര്‍ബി: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയെ നിലംപരിശാക്കി ഇന്ത്യയുടെ ഹര്‍മന്‍പ്രീത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു. തകര്‍പ്പന്‍ സെഞ്ചറിയുമായി ഹര്‍മന്‍ പ്രീത് നടത്തിയ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. 15 പന്തില്‍ നിന്ന് ഹര്‍മന്‍പ്രീത് 171 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയ്‌ക്കൊപ്പം ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്ത 137 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.
മഴമൂലം മത്സരം 42 ഓവറാക്കി കുറച്ചിരുന്നു. ഇന്ത്യയുടെ തുടക്കം പരിതാപകരമായിരുന്നെങ്കിലും ഹര്‍മന്‍പ്രീതിന്റെ വരവായിരുന്നു കളിയെ മാറ്റി മറിച്ചത്. ലോകകപ്പിന്റെ സെമിഫൈനല്‍ പോലെ ഒരു നിര്‍ണായക മത്സരത്തിലാണ് ഹര്‍മന്‍ പ്രീതിന്റെ വെടിക്കെട്ട് പ്രകടനം. ഓസീസ് ബോളര്‍മാരെ അനായാസം ബൗണ്ടറിയും സിക്‌സും കടത്തിയ ഹര്‍മന്‍പ്രീത് നിഷ്പ്രയാസം സെഞ്ച്വറി കടന്നു. ഇന്നു ജയിച്ചാല്‍ ഐസിസി വനിതാലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ ഒരുവട്ടം കൂടി പൊരുതും.
ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറു പന്തില്‍നിന്ന് ആറു റണ്‍സെടുത്ത മന്ദാന, വില്ലാനിക്കു ക്യാച്ച് നല്‍കിയാണ് പുറത്തായത്. സ്‌കോര്‍ 35ല്‍ എത്തിയപ്പോള്‍ പുനം റൗട്ടും പുറത്തായി. 26 പന്തില്‍ രണ്ടു ബൗണ്ടറി ഉള്‍പ്പെടെ 14 റണ്‍സെടുത്ത റൗട്ടിനെ ഗാര്‍ഡ്‌നര്‍ പുറത്താക്കി. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച ഹര്‍മന്‍പ്രീത് മിതാലി രാജ് സഖ്യം ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയെങ്കിലും തൊട്ടുപിന്നാലെ മിതാലിയും പുറത്തേക്ക്. 61 പന്തില്‍ രണ്ടു ബൗണ്ടറികള്‍ ഉള്‍പ്പെടെ 36 റണ്‍സെടുത്ത മിതാലിയെ ബീംസ് മടക്കി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 66 റണ്‍സ്.
പിന്നീടായിരുന്നു ഇന്ത്യ കാത്തിരുന്ന കൂട്ടുകെട്ട്. 35 പന്തില്‍ 25 റണ്‍സെടുത്ത ദീപ്തി ശര്‍മ ഹര്‍മന്‍പ്രീതിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്‌കോര്‍ അതിവേഗം 200 കടന്നു. സ്‌കോര്‍ 238ല്‍ നില്‍ക്കെ ദീപ്തി ശര്‍മ മടങ്ങിയെങ്കിലും വേദ കൃഷ്ണമൂര്‍ത്തിയെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചു. 115 പന്തില്‍ 20 ബൗണ്ടറിയും ഏഴു സിക്‌സും ഹര്‍മന്‍പ്രീത് നേടി.
