ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ രാഞ്ജിക്കൂട്ടാമാവാന്‍ ഇന്ത്യന്‍ ടീം ഞായറാഴ്ച ഇറങ്ങുന്നു. വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഞായറാഴ്ച ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. അതേസമയം, പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ സെമിയിലെ ഇന്ത്യയുടെ വിജയശില്‍പ്പി ഹര്‍മന്‍പ്രീത് കൗര്‍ ഫൈനലില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് കോച്ച് ബിജു ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൗര്‍ ഫൈനലില്‍ കളിച്ചില്ലെങ്കില്‍ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമായിരുന്നു.

കരിയറിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ക്യാപ്റ്റന്‍ മിതാലി രാജിനേയും സീനിയര്‍ താരം ജൂലന്‍ ഗോസ്വാമിയേയും ലോകകപ്പ് കിരീടധാരണത്തോടെ ആദരിക്കാന്‍ സഹതാരങ്ങള്‍ക്ക് ഒരു കടമ്പ കൂടിയുണ്ട്. ഫൈനലിലെ ജയം. ഇംഗ്ലണ്ടിനെതിരെ കലാശപ്പോരിനിറങ്ങുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നാണ്ടാവുക ക്യാപ്റ്റന്‍ മിതാലി തന്നെയാവും. 2005 ല്‍ മിതാലിയുടെ നേത്യത്വത്തില്‍ ലോകകപ്പ് ഫൈനലിലെത്തിയെങ്കലും ഓസ്‍ട്രേലിയോട് അടിതെറ്റിയിരുന്നു.

ആ പരാജയത്തിന് സെമി ഫൈനലില്‍ ഓസ്‍ട്രേലിയയോട് കണക്കു തീര്‍ത്താണ് മിതാലിയുടെ മിടുക്കികള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയതത്.ഗ്രൂപ്പ് ഘടത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ടെങ്കിലും മൂന്ന് തവണ ലോക കിരീടം ചൂടിയ ഇംഗ്ലീഷ് മിടുക്കിനെ മിതാലിയും സംഘവും ചെറുതായി കണ്ടേക്കില്ല. ഇംഗ്ലണ്ടില്‍ നടന്ന രണ്ടു വനിതാ ലോകകപ്പിലും ആതിഥേയര്‍ കിരീടം കൈവിട്ടില്ല എന്നതും ശ്രദ്ധേയം.

ലോകവനിത ക്രിക്കറ്റ് കിരീടം നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെരുമയ്‌ക്ക് മറ്റൊരു പൊന്‍തൂവലാകും. വനിതാ ക്രിക്കറ്റിന്, പുരുഷന്‍മാരുടെ നിഴലില്‍നിന്ന് പുറത്തുകടക്കാനുള്ള ഏറ്റവും വലിയ ഊര്‍ജവും .