ഹാഷിം അംലയുടെയും ഡെയ്ന്‍ ബ്രാവോയുടെയും റെക്കോര്‍ഡ് കൂട്ടുകെട്ട് മികവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഷാറൂഖ് ടീം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. 11 റണ്‍സിനാണ് നൈറ്റ് റൈഡേഴ്‌സ് ബാര്‍ബഡോസ് ട്രിഡെന്‍സിനെ തകര്‍ത്തത്. ടി20 ചരിത്രത്തിലെ എക്കാലത്തേയും മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് ഹാഷിം അംലയും ബ്രാവോയും ചേര്‍ന്ന് ഈ മത്സരത്തില്‍ പടുത്തുയര്‍ത്തിയത്.

ആദ്യ അഞ്ച് ഓവറിനുളളില്‍ തന്നെ മുന്‍ നിര തകര്‍ന്ന നൈറ്റ് റൈഡേഴ്‌സിനെ അംലയും ബ്രാവോയും ചേര്‍ന്ന് അവിശ്വസനീയമായി മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വരുകയായിരുന്നു. 150 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇരുവും അഞ്ചാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

അംല അന്‍പത്തിനാല് പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 81 റണ്‍സ് എടുത്തപ്പോള്‍ ബ്രാവോ പുറത്താകാതെ 46 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സെടുത്തു. ഇതോടെ ഒരു ഘട്ടത്തില്‍ നാലിന് 20 എന്ന നിലയില്‍ നിന്ന് അഞ്ച് വിക്കറ്റിന് 170 റണ്‍സ് എന്ന മികച്ച സ്‌കോറിലേക്ക് നൈറ്റ് റൈഡേഴ്‌സ് ഉയര്‍ന്നു.

മറുപടി ബാറ്റിംഗിന് ഉറങ്ങിയ ബാര്‍ബഡോസിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 159 റണ്‍സെടുക്കാനെ ആയുളളു. ബാര്‍ബഡോസിനായി ടൈലര്‍ 37ഉം ഷുഹൈബ് മാലിക്ക് 28ഉം പൂരാന്‍ 33ഉം റണ്‍സെടുത്തു.