ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ അഞ്ച് വര്‍ഷത്തിനിടെ നാലാമതും കിരീടം സ്വന്തമാക്കിയത്.

കീവ്: യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും റയല്‍ മാഡ്രിഡിന്. ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ അഞ്ച് വര്‍ഷത്തിനിടെ നാലാമതും കിരീടം സ്വന്തമാക്കിയത്. ഗരെത് ബെയ്‌ലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഒരു ഗോളുമാണ് റയലിന് ജയമൊരുക്കിയത്. ലിവര്‍പൂളിന്റെ ഏകഗോള്‍ സാദിയോ മാനെ നേടി. 

ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടര്‍ച്ചയായി മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുന്നത്. പകരക്കാരനായി ഇറങ്ങി രണ്ടു ഗോളുകള്‍ ആണ് ബെയ്ല്‍ നേടിയത്. മുഹമ്മദ് സലാഹിന്റെയും കാര്‍വാഹലിന്റെയും കണ്ണീര്‍ വീണ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടിയില്ല.

ആദ്യപകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. പിന്നീട് ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ ലോറിസ് കറിയൂസിന്റെ മണ്ടത്തരമാണ് ഗോളില്‍ അവസാനിച്ചത്. 51ആം മിനിറ്റില്‍ കറിയൂസ് പിടിച്ച പന്ത് സഹതാരത്തിന് നല്‍കുന്നതിനിടെ ബെന്‍സേമ കാല്‍വെയ്ക്കുകയായിരുന്നു. പന്ത് വലയിലേക്ക്. എന്നാല്‍ 55ാം മിനിറ്റില്‍ തന്നെ മാനെയിലൂടെ ലിവര്‍പൂള്‍ സമനില നേടി. 

64ആം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബെയ്ല്‍ നേടിയ ഒരു ബൈസിക്കിള്‍ കിക്കിലൂടെ റയല്‍ ലീഡ് പിടിച്ചെടുത്തു. തുടര്‍ന്ന് ലിവര്‍പൂള്‍ ഗോള്‍ മടക്കാന്‍ ശ്രമിക്കുന്നതിനിടെ 83ആം മിനിറ്റില്‍ റയലിന്റെ മൂന്നാം ഗോളും പിറന്നു. ബെയ്‌ലിന്റെ ഒരു ലോങ് റേഞ്ച് ഷോട്ട് കരിയസ് തട്ടിയകറ്റാന്‍ ശ്രമിച്ചു എങ്കിലും വീണ്ടും കൈയില്‍ തട്ടി പന്ത് ഉള്ളിലേക്ക് കയറി.