കൊച്ചി: സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ക്രിക്കറ്റ് താരം ശ്രീശാന്ത് സര്‍പ്പിച്ച ഹര്‍ജിയില്‍ ബിസിസിഐ അധ്യക്ഷന്‍ വിനോദ് റായിക്കും ഭരണസമിതിക്കും ഹൈക്കോടതി നോട്ടീസ്. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയിക്കാനാണ് കോടതി നിര്‍ദേശം. ശ്രീശാന്തിന്റെ ഹര്‍ജി അടുത്തമാസം 19ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ ഗ്രെന്റോത്ത് ക്ലബ്ബിനു വേണ്ടി കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് ശ്രീശാന്തിന്റെ ആവശ്യം. ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരമാക്കിയതു ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങള്‍ തള്ളി കോടതി തന്നെ കേസില്‍ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ശ്രീശാന്തിനെതിരായ വിലക്ക് നീക്കാനാകില്ലെന്ന മുന്‍ഭരണസിതിയുടെ തീരുമാനം ബിസിസിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിലക്ക് നീക്കണമെന്ന ആവശ്യം തള്ളി ശ്രീശാന്തിന് കത്ത് നല്‍കിയതായും ബിസിസിഐ കോടതിയില്‍ വ്യക്തമാക്കി.