ധാക്ക: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നറെന്ന റെക്കോർഡ് ശ്രീലങ്കൻ ക്യാപ്റ്റൻ രംഗണ ഹെറാത്തിന്. ന്യുസീലൻഡ് താരം ഡാനിയേൽ വെട്ടോറിയുടെ 362 വിക്കറ്റിന്‍റെ റെക്കോർഡാണ് ഹെറാത്ത് മറികടന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ് ഹെറാത്തിന്‍റെ നേട്ടം. എഴുപത്തിയൊൻപതാം ടെസ്റ്റിലാണ് ഹെറാത്ത് വെട്ടോറിയെ പിന്നിലാക്കിയത്. 113 കളികളിൽ നിന്നാണ് വെട്ടോറിയുടെ 362 വിക്കറ്റ്. ബംഗ്ലാദേശിനെതിരെ രണ്ട് ഇന്നിംഗ്സിലായി ഒൻപത് വിക്കറ്റ് വീഴ്ത്തിയതോടെ ഹെറാത്തിന് 363 വിക്കറ്റായി. 414 പേരെ പുറത്താക്കിയ പാകിസ്ഥാൻതാരം വസീം അക്രമാണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ ബൗളർ. ഹെരാത്തിന്‍റെ ബൗളിംഗ് മികവിൽ ലങ്ക 259 റൺസിന് ബംഗ്ലാദേശിനെ തോൽപിച്ചു.