പ്രീക്വാട്ടറില്‍ കേരളത്തിന്‍റെ എതിരാളികള്‍ ഐ ലീഗ് കരുത്തരായ നെരോക്ക എഫ്‌സി
കൊച്ചി: ഐഎസ്എല് അവസാനഘട്ടത്തില് നില്ക്കേ ആദ്യമായി അരങ്ങേറുന്ന സൂപ്പര് കപ്പിനായി കാത്തിരിക്കുകയാണ് ഫുട്ബോള് ആരാധകര്. ഐഎസ്എല്ലിലെയും ഐ ലീഗിലെയും ആദ്യ ആറ് സ്ഥാനക്കാരും യോഗ്യത റൗണ്ടില് വിജയിച്ചെത്തുന്ന നാല് ടീമുകളുമാണ് സൂപ്പര് കപ്പില് ഏറ്റുമുട്ടുന്നത്. ഐഎസ്എല്ലില് ആറാം സ്ഥാനത്തെത്തി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര് കപ്പിന് യോഗ്യത നേടിയിരുന്നു.
മാര്ച്ച് അവസാനം ആരംഭിക്കുന്ന സൂപ്പര് കപ്പിനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്സ്. എന്നാല് പ്രീ ക്വാര്ട്ടര് മത്സരക്രമം പ്രഖ്യാപിച്ചപ്പോള് കേരള ബ്ലാസ്റ്റേഴ്സിന് കേള്ക്കാനാകുന്നത് അത്ര ശുഭകരമായ വാര്ത്തയല്ല. പ്രീ ക്വാര്ട്ടറില് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില് ഏപ്രില് ആറിന് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നെരോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്.
ഐ ലീഗ് കരുത്തരായ നെരോക്കയുമായുള്ള മത്സരം ഐഎസ്എല്ലില് ആറാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് കടുപ്പമാകും. ഐ ലീഗില്18 മത്സരങ്ങളില് ഒമ്പത് ജയവുമായി 32 പോയിന്റ് നേടിയാണ് നേരോക്ക രണ്ടാം സ്ഥാനത്തെത്തിയത്. എന്നാല് ഐഎസ്എല്ലില് 18 മത്സരങ്ങളില് ആറ് ജയവുമായി 25 പോയിന്റുകള് മാത്രമാണ് ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നത്.
