കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനുണ്ടായിരുന്ന ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കി. ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെതാണ് വിധി. ദൈവം വലിയവനാണ് എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദിയെന്നാണ് ശ്രീശാന്ത് നടത്തിയ ആദ്യ പ്രതികരണം. ഫേസ്ബുക്കിലായിരുന്നു ശ്രീശാന്തിന്‍റെ ആദ്യപ്രതികരണം.

കോഴ കേസില്‍ ദില്ലി പ്രത്യേക കോടതി വെറുതെവിട്ടിട്ടും ബി.സി.സി.ഐ ആജീവനാന്ത വിലക്ക് തുടരുന്നത് നിയമപരമല്ലെന്ന ശ്രീശാന്തിന്റെ വാദം കോടതി അംഗീകരിച്ചു.

വിലക്കിനെത്തുടര്‍ന്ന് സ്കോട്ടിഷ് ലീഗിലടക്കം കളിക്കാനുളള അവസരം നഷ്‌ടപ്പെട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് വിലക്ക് നീക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി, മുന്‍ ഭരണസമിതി, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.