അസം സ്വദേശി ഹിമാ ദാസിന്​ സ്വർണം 

ഫിൻലാൻഡ്: ​ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ചരിത്രം നേട്ടം. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ ഇന്ത്യൻ സ്​പ്രിന്‍റർ ഹിമാ ദാസ്​ സ്വർണം കരസ്ഥമാക്കിയതോടെയാണ് ഈ ചരിത്രനേട്ടം സ്വന്തമായത്​. ഇതാദ്യമായാണ്​ ഒരു ഇന്ത്യൻ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ ഇനത്തിൽ സ്വർണം നേടുന്നത്​. 

നാലാം നമ്പര്‍ ലൈനില്‍ ഓടിയ ഹിമ റൊമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിന് പിന്നിലായിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ ഹിമ സ്വര്‍ണം നേടുകയായിരുന്നു. 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ ഹിമാ സ്വര്‍ണം കരസ്ഥമാക്കിയത്. 52.07 സെക്കന്റില്‍ ഓടിയെത്തിയ മിക്ലോസിന് വെളളിയാണ് ലഭിച്ചത്. 52.28 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കയുടെ ടെയ്ലര്‍ മാന്‍സന്‍ വെങ്കലവും സ്വന്തമാക്കി. 
ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സീമ പൂനിയ (വെങ്കലം- ഡിസ്കസ് ത്രോ, 2002), നീരജ് കൗര്‍ (വെങ്കലം- ഡിസ്കസ് ത്രോ, 2014) എന്നിവരാണ് നേരത്തെ മെഡല്‍ നേടിയവര്‍.

അസമിലെ നാ​ഗൻ ജില്ലയിലെ ധിംങ്ങ് ​ഗ്രാമത്തിലെ ഒരു കർഷകന്റെ മകളാണ് പതിനെട്ടുകാരി ഹിമാ ദാസ്. അസാമിൽവച്ചു നടന്ന ഇന്‍റർ-ഡിസ്ട്രിക്റ്റ് മത്സരത്തിലാണ് ഹിമാ ദാസ് ആദ്യമായി പങ്കെടുക്കുന്നത്. പിന്നീട് 18 മാസങ്ങൾക്കു ശേഷമാണ് ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഹിമാ ഫിൻലാൻഡിലേക്ക് പറന്നത്.