സൗരവ് ഗാംഗുലി എന്ന ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളുടെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം കുറിച്ചത് ആരാണ്?

ദില്ലി: സൗരവ് ഗാംഗുലി എന്ന ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളുടെ ക്രിക്കറ്റ് ജീവിതത്തിന് അന്ത്യം കുറിച്ചത് ആരാണ്. പലരെയും പറയാമെങ്കിലും അതിന് പ്രധാനകാരണം മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രേഗ് ചപ്പലാണെന്ന് ക്രിക്കറ്റ് ലോകത്തെ ഒരു പരസ്യമായ രഹസ്യമാണ്. ഈ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗാംഗുലിന്‍റെ തന്‍റെ ആത്മകഥയില്‍. പലരുടെയും വാക്കുകള്‍ കേള്‍ക്കാതെ താന്‍ ചെയ്ത മണ്ടത്തരമാണ് ചപ്പലിനെ കൊണ്ടുവന്നത് എന്നത് പരോക്ഷമായി എങ്കിലും ഗാംഗുലി സമ്മതിക്കുന്നുണ്ട്.

2003ലെ ഒരു കൂടികാഴ്ചയെ തുടര്‍ന്നാണ് ചപ്പലിനെ ഇന്ത്യയിലെത്തിക്കണം എന്ന ആഗ്രഹം വരുന്നത്. 2004 ല്‍ ജോണ്‍ റൈറ്റ് ഇന്ത്യന്‍ കോച്ച് സ്ഥാനത്ത് നിന്നും വിടവാങ്ങിയ സമയത്ത്, ആരാകണം എന്ന ചോദ്യത്തിന് ഗാംഗുലിയുടെ ഉത്തരം ഗ്രെഗ് ചാപ്പല്‍ എന്നായിരുന്നു. ഇത് അന്നത്തെ ബിസിസിഐ മേധാവി ജഗ്‌മോഹന്‍ ഡാല്‍മിയയെ വ്യക്തിപരമായ തീരുമാനം അറിയിക്കുകയും ചെയ്തു.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ ഈ തീരുമാനത്തിനെതിരെ വ്യക്തിപരമായി എന്നോട് അതൃപ്തി അറിയിച്ചു. അദ്ദേഹത്തിന്റെ പരിശീലക റെക്കോഡ് മികച്ചതല്ലെന്നും ടീം മുന്നോട്ട് കൊണ്ടുപോകാന്‍ താങ്കള്‍ക്ക് അയാള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുമെന്നും ഗവാസ്കര്‍ പറഞ്ഞു. ഗ്രേഗിന്‍റെ സഹോദരന്‍ ഇയാന്‍ ചപ്പല്‍ പോലും ഇത് പറഞ്ഞിരുന്നതായി ഗവാസ്കര്‍ പറഞ്ഞു. എന്നാല്‍ ഗാംഗുലി ഇതൊന്നും കാര്യമാക്കിയില്ല.

2003ലെ കൂടികാഴ്ച സമയത്ത് ഗ്രേഗ് പ്രകടമാക്കിയ ക്രിക്കറ്റിലെ അറിവ് ശരിക്കും അയാള്‍ക്കായി അന്ധമായി വാദിക്കാവന്‍ ഗാംഗുലിയെ പ്രേരിപ്പിച്ചു. ഇതിന് പുറമേ ഒരിക്കല്‍ ബിസിസിഐ പ്രസിഡന്‍റ് അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് തന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ഗ്രെഗ് ഇന്ത്യയ്ക്ക് അനുയോജ്യനാണെന്ന് താന്‍ കരുതുന്നില്ലെന്ന് ഇയാന്‍ ചാപ്പല്‍ പോലും പറയുന്നതായി ഡാല്‍മിയ ഗാംഗുലിയോട് പറഞ്ഞെങ്കിലും അതെല്ലാം താന്‍ അവഗണിക്കുകയായിരുന്നെന്ന് ഗാംഗുലി എഴുതി. 

പിന്നെ കോച്ചായി ഇന്ത്യയിലെത്തിയ ഗ്രേഗ് ഇന്ത്യയ്ക്ക് വരുത്തിയത് കനത്ത നാശം തന്നെയായിരുന്നു. 2005 വര്‍ഷം തന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞ അധ്യായമായിരുന്നുവെന്ന് ഗാംഗുലി പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടു, ടീമില്‍ നിന്നു തന്നെ ഒഴിവാക്കപ്പെട്ടു. ഇത് എഴുതുമ്പോള്‍ തന്നെ തനിക്ക് ദേഷ്യം വരുന്ന സംഭവങ്ങളാണ് അന്ന് നടന്നതെന്ന് ഗാംഗുലി ' എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്' എന്ന ആത്മകഥയില്‍ ഗാംഗുലി പറയുന്നു.