Asianet News MalayalamAsianet News Malayalam

സഡന്‍ ഡെത്തില്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി ലോകകപ്പ് ഹോക്കി കിരീടം ബെല്‍ജിയത്തിന്

പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ ഇരു ടീമും രണ്ടെണ്ണം വീതം ഗോളാക്കിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീളുകയായിരുന്നു. സഡന്‍ഡെത്തില്‍ നെതര്‍ലന്‍ഡ്സിന്റെ ഹെര്‍ട്സ്ബര്‍ഗറിന് ഗോള്‍ നേടാനായില്ല

Hockey World Cup 2018 Belgium lift first World Cup title
Author
Bhubaneswar, First Published Dec 16, 2018, 9:43 PM IST

ഭുബനേശ്വര്‍: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അവസാന നിമിഷം വരെ മാറിമറിഞ്ഞ കലാശപ്പോരിനൊടുവില്‍ ബെല്‍ജിയത്തിന് ലോകകപ്പ് ഹോക്കി കിരീടം. ഫൈനലില്‍ മൂന്നു തവണ ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് കീഴടക്കിയാണ് ബെല്‍ജിയം കിരീടമണിഞ്ഞത്. ബെല്‍ജിയത്തിന്റെ കന്നി ലോകകിരീടമാണിത്. ഫൈനലില്‍ നെതര്‍ലന്‍ഡ്സ് കിരീടം കൈവിടുന്നത് ഇത് നാലാം തവണയും. ഹോക്കി ലോകകപ്പില്‍ കിരീടമുയര്‍ത്തുന്ന ആറാമത്തെ രാജ്യമായി ഇതോടെ ബെല്‍ജിയം.

മത്സരത്തിന്റെ നാലു ക്വാര്‍ട്ടറുകളിലും ഇരു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചപ്പോള്‍ മത്സരം കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നിശ്ചിത സമയത്തിന്റെ അവസാന നാലു മിനിട്ടില്‍ നെതര്‍ലന്‍ഡ്സ് 10 പേരായി ചുരുങ്ങിയപ്പോള്‍ അലമാലകള്‍ പോലെ ബെല്‍ജിയം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലെ അഞ്ച് കിക്കുകളില്‍ ഇരു ടീമും രണ്ടെണ്ണം വീതം ഗോളാക്കിയതോടെ മത്സരം സഡന്‍ ഡെത്തിലേക്ക് നീളുകയായിരുന്നു. സഡന്‍ഡെത്തില്‍ നെതര്‍ലന്‍ഡ്സിന്റെ ഹെര്‍ട്സ്ബര്‍ഗറിന് ഗോള്‍ നേടാനായില്ല. പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് ഗോള്‍ പിന്നില്‍ നിന്നാണ് ബെല്‍ജിയം ഒപ്പമെത്തിയത്. ഹോക്കി ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുന്നത്. ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് ബെല്‍ജിയത്തിന്റെ കിരീടധാരണം.

ഇംഗ്ലണ്ടിനെ ഗോള്‍ മഴയില്‍ മുക്കി ഓസ്ട്രേലിയ വെങ്കല മെഡല്‍ സ്വന്തമാക്കി. ഒന്നിനെതിരെ എട്ടു ഗോളുകള്‍ക്കായിരുന്നു ഓസ്ട്രേലിയയുടെ ജയം. സെമിയില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ആറു ഗോളിന് തകര്‍ത്താണ് ബെല്‍ജിയം ഫൈനലിലെത്തിയത്. ഓസ്ട്രേലിയയെ തകര്‍കത്താണ് നെതര്‍ലന്‍ഡ്സ് ഫൈനലിലെത്തിയത്.

Follow Us:
Download App:
  • android
  • ios