ജൊഹ്നാസ്ബര്‍ഗ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനായി കളിക്കുമ്പോള്‍ വിരാട് കോലിക്കൊപ്പമുള്ള ഓരോ നിമിഷവും ശരിക്കും ആസ്വദിച്ചുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലിയേഴ്സ്. കോലിയോട് പരസ്പര ബഹുമാനത്തോടെയുള്ള ആത്മബന്ധമാണുള്ളതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും ബാറ്റ് ചെയ്യുമ്പോള്‍ ഒരു രസതന്ത്രമുണ്ട്. ബാറ്റിംഗിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കിരുവര്‍ക്കും ഒരേ ചിന്താഗതിയാണ്. അത് ഞങ്ങളുടെ കൂട്ടുകെട്ട് എളുപ്പമാക്കുന്നു. കോലിക്ക് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇഷ്ടമാണ്. അതുകൊണ്ട് കോലി റൊണാള്‍ഡോ ആയിക്കോട്ടെ, ഞാന്‍ മെസി ആയിക്കോളാം. അതിലെനിക്ക് സന്തോഷമെയുള്ളു.-ഡിവില്ലിയേഴ്സ് പറഞ്ഞു.

തെറ്റുകളില്‍ നിന്ന് പഠിക്കാനുള്ള കഴിവാണ് കോലിയെ വ്യത്യസ്തനാക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലും കോലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്സ് അടുത്ത ഐപിഎല്ലിലും ബംഗലൂരുവിനായി കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.