സിഡ്‌നി: ഫോമില്ലായ്മയുടെ പേരില്‍ അടുത്ത കാലത്ത് ഒട്ടേറെ പഴികേട്ട താരമാണ് ഓസ്ട്രേലിയയുടെ ഉസ്മാന്‍ ഖവാജ. എന്നാല്‍ അഞ്ചാം ആഷസ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയാണ് ഖവാജ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. 381 പന്തില്‍ 18 ഫോറും ഒരു സിക്‌സും സഹിതം 171 റണ്‍സ് ഉസ്മാന്‍ ഖവാജ അടിച്ചുകൂട്ടി. ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡ് നേടിയതില്‍ നിര്‍ണ്ണായകമായിരുന്നു ഖവാജയുടെ ഇന്നിംഗ്സ്.
എന്നാല്‍ സെഞ്ച്വറി നേടിയ ശേഷം ആഘോഷിക്കാത്തതെന്ത് എന്ന ചോദ്യത്തിന് ഖവാജ നല്‍കിയ മറുപടി രസകരമായി. എല്ലാ മത്സരത്തിലും സെഞ്ച്വറിയടിക്കാന്‍ താന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് അല്ലെന്നായിരുന്നു ഖവാജയുടെ മറുപടി. 28 ടെസ്റ്റ് കളിച്ച ഖ്വാജയുടെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് സിഡ്‌നിയില്‍ പിറന്നത്. അതേസമയം60 ടെസ്റ്റുകളില്‍ നിന്ന് 23 സെഞ്ചുറികള്‍ നേടിയ താരമാണ് സ്റ്റീവ് സ്മിത്ത്.
സമീപകാലത്ത് അസാധ്യ ഫോം തുടരുന്ന ഓസീസ് നായകന്‍ വേഗത്തില്‍ 6000 റണ്‍സ് തികച്ച താരങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 111 ഇന്നിംഗ്‌സുകളില്‍ നിന്ന് നേട്ടത്തിലെത്തിയ സ്മിത്തിന് മുന്നില്‍ ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന് മാത്രമാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ സര്‍ ഡൊണള്‍ഡ് ബ്രാഡ്മാന് ശേഷം മികച്ച താരം താന്‍ തന്നയെന്ന് ഒരിക്കല്‍ കൂടി സ്മിത്ത് ആഷസില്‍ തെളിയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാരില്‍ മത്സരം ബ്രാഡ്മാനും സ്മിത്തും തമ്മിലാണ് എന്ന് പറയുന്നതാവും ശരി.
