ദില്ലി:ഇന്ത്യൻ ടീം സെലക്ടർമാരെ തൃപ്തിപ്പെടുത്താനല്ല താൻ ബാറ്റു ചെയ്യുന്നതെന്ന് ഇന്ത്യന്‍ ടീം മുൻ ഓപ്പണർ ഗൗതം ഗംഭീർ. റൺസ് നേടുക എന്നത് മാത്രമാണ് ലക്ഷ്യം. ടീമിലെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്ടർമാരാണ്. അവരുടെ തീരുമാനത്തിൽ തനിക്ക് അഭിപ്രായമൊന്നും പറയാനില്ലെന്നും ഗംഭീർ പറഞ്ഞു.

പിങ്ക് ബോള്‍ പരീക്ഷണം ടെസ്റ്റില്‍ വേണ്ടെന്നും ഏകദിനത്തിലും ട്വന്റി-20യിലും അതാവാമെന്നും ഗംഭീര്‍ പറഞ്ഞു. ചുവന്ന പന്തുപയോഗിച്ച് ഫലമുണ്ടാകില്ലെന്നാണെങ്കില്‍ പിങ്ക് പന്ത് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കാണികളെ ആകര്‍ഷിക്കാനായി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ന്യുസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്പിന്നർമാരുടെ മികവായിരിക്കും നിർണായകമാവുകയെന്നും ഗംഭീര്‍ പറഞ്ഞു. കിവീസിനെ ദുർബലരായി കാണാൻ കഴിയില്ല. മികച്ച ഫാസ്റ്റ് ബൗളർമാർക്കൊപ്പം നല്ല സ്പിന്നർമാരും കിവീസിനുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ഈമാസം 22ന് കാൺപൂരിലാണ് ഇന്ത്യാ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിന് തുടക്കമാവുക.

ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയിട്ടും ഗംഭീറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. 80 റണ്‍സ് ശരാശരിയില്‍ 320 റണ്‍സാണ് ഗംഭീര്‍ ദുലീപ് ട്രോഫിയില്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ശിഖർ ധവാൻ, മുരളി വിജയ്, കെ എൽ രാഹുൽ എന്നിവരെ ഓപ്പണര്‍മാരായി ടീമിൽ നിലനിര്‍ത്താൻ സെലക്ടർമാർ തീരുമാനിക്കുകയായിരുന്നു.