മുംബൈ: ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ ടെന്നിലെ ഇന്ത്യാ-ബംഗ്ലാദേശ് പോരാട്ടം ആരാധാകര്‍ക്ക് അത്രപെട്ടെന്നൊന്നും മറക്കാനാവില്ല. ഹര്‍ദ്ദീഖ് പാണ്ഡ്യയുടെ അവസാന ഓവറില്‍ രണ്ട് ബൗണ്ടറിയയടിച്ച് വിജയവരയുടെ അടുത്തെത്തിച്ച ബംഗ്ലാദേശിന്റെ മുഷ്‌ഫീഖുര്‍ റഹീമിന്റെ പ്രകടനവും. എന്നാല്‍ അവസാന ഓവറിലും ചിരിമായാതെ പന്തെറിഞ്ഞ ഹര്‍ദ്ദീഖ് പാണ്ഡ്യ മുഷ്‌ഫീഖറിനോട് അപ്പോള്‍ എന്തായിരിക്കും പറഞ്ഞിരിക്കും. അക്കാര്യം ഹര്‍ദ്ദീഖ് പാണ്ഡ്യ തന്നെ തുറന്നു പറഞ്ഞു.

അവസാന ഓവര്‍ എറിയാനായി ധോണി എന്നെ പന്തേല്‍പ്പിക്കുമ്പോള്‍ പറഞ്ഞത് സമ്മര്‍ദ്ദത്തിന് അടിപ്പെടേണ്ട, ഓരോ നിമിഷവും ആസ്വദിച്ച് പന്തെറിയൂ എന്നായിരുന്നു. മുഷ്‌ഫീഖറിന് എന്നെ സിക്സറടിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു. കൂടിപ്പോയാല്‍ ഫോറടിക്കുമെന്നും. കരുതിയതുപോലെ മുഷ്‌ഫീഖര്‍ രണ്ടു ഫോറടിച്ചു.

അതിനുശേഷം വിജയം നേടയതുപോലെ ആവേശപ്രകടനം നടത്തിയ മുഷ്‌ഫീഖറിനോട് ഞാന്‍ പറഞ്ഞു. കളി കഴിഞ്ഞിട്ടില്ല, ജയിക്കാന്‍ ഇനിയും രണ്ടു റണ്‍സ് വേണം. എന്നാല്‍ വിജയത്തിനടുത്തുവെച്ച് മുഷ്‌ഫീഖറും മഹമ്മദുള്ളയും വമ്പന്‍ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞു. ബംഗ്ലാദേശ് താരങ്ങളുടെ പരിചയസമ്പത്തില്ലായ്മയായിരുന്നു അതിന് കാരണം. വേറെ ഏത് കളിക്കാരായാലും വിജയം നേടിയേനെ. പക്ഷെ അവര്‍ക്ക് കപ്പിനും ചുണ്ടിനും ഇടയ്ക്ക് വിജയം നഷ്ടമായി.

അവസാന പന്തെറിയാനെത്തുമ്പോള്‍ യോര്‍ക്കര്‍ എറിയേണ്ടെന്ന് ധോണിയും ഞാനും തീരുമാനിച്ചിരുന്നു. വാലറ്റക്കാരനാണ് ക്രീസിലെന്നതിനാല്‍ യോര്‍ക്കര്‍ എറിഞ്ഞാലും ചിലപ്പോള്‍ എഡ്ജ് എടുത്ത് ബൗണ്ടറി പോവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗുഡ് ലെംഗ്ത് ബോള്‍ എറിയാനായിരുന്നു തീരുമാനം. അതുകൊണ്ടാണ് അത്തരത്തില്‍ എറിഞ്ഞത്. അത് വിജയിക്കുകയും ചെയ്തു-പാണ്ഡ്യ പറഞ്ഞു.