തൃശൂര്‍: ഐ ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ് ഈസ്റ്റ് ബംഗാള്‍ താരം ജോബി ജസ്റ്റിന്‍. ക്ലബിനായി ഇതുവരെ ആറ് ഗോള്‍ നേടാന്‍ മലയാളി താരത്തിനായി. എന്നാല്‍ ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. ഇത് ചെറിയ രീതിയിലെങ്കിലും വിവാദത്തിന് ഇടവരുത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന മുറവിളിയുണ്ടായി. ഇപ്പോഴിതാ അവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയനും ചേര്‍ന്നിരിക്കുന്നു. 

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം തുടര്‍ന്നു.. ഈ സീസണില്‍ ഗംഭീര ഫോമിലാണ് ജോബി ജസ്റ്റിന്‍ ഉള്ളത്. ഐലീഗിലെ ഇന്ത്യന്‍ ടോപ്പ് സ്‌കോറര്‍ ആണ് ജോബി ഇപ്പോള്‍. ജോബി ജസ്റ്റിന്‍ മികച്ച ഫോമിലാണ് കളിക്കുന്നത് എന്നും ദേശീയ ടീമില്‍ എത്തേണ്ടതായിരുന്നു എന്നും വിജയന്‍ പറഞ്ഞു. പക്ഷെ ഈ തീരുമാനത്തില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനെ കുറ്റപ്പെടുത്താന്‍ വിജയന്‍ തയ്യാറായില്ല. 

ടീം തെരഞ്ഞെടുപ്പിനെ കുറ്റപ്പെടുത്താനാവില്ലെന്നും  ഐ.എം വിജയന്‍. ഒരുമിച്ച് കളിച്ച് പരിചയമുള്ള ടീമിനെയാണ് ഇന്ത്യ ഏഷ്യ കപ്പിനയക്കുന്നത്. എല്ലാ മാനേജരും അങ്ങനെ തന്നെയാണ് ചെയ്യുക. ജോബി ഉടന്‍ ദേശീയ ക്യാംപിലെത്തുമെന്നാണ് പ്രതീക്ഷയെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു.