കൊച്ചി: ഇന്ത്യയുടെ ആദ്യ ട്വന്റി-20 ലോകകപ്പ് വിജയത്തിന് ഇന്ന് 10 വയസ്.ഫൈനലില്‍ പാക്കിസ്ഥാനെ കീഴടക്കി ധോണിപ്പട കിരീടമുയര്‍ത്തിയപ്പോള്‍ അതില്‍ ഒരു മലയാളിയുടെ കൈയൊപ്പുണ്ടായിരുന്നു. മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത് കിരീടം ഇന്ത്യയുടെ കൈയിലുറപ്പിച്ച ശ്രീശാന്തിന്റെ. മിസ്ബായുടെ ആ ഷോട്ട് വായുവിലുയര്‍ന്ന് തനിക്കുനേരെ വന്നപ്പോള്‍ എന്തായിരിക്കും ശ്രീശാന്തിന്റെ മനസില്‍. അക്കാര്യത്തെക്കുറിച്ച് ശ്രീ മനസുതുറന്നു.
2007ലെ ഏകദിന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന്റെ വേദന മറക്കാന്‍ ആ വിജയം ആരാധകര്‍ക്ക് അനിവാര്യമായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. മിസ്ബായുടെ മിസ് ഹിറ്റ് വായുവിലുയര്‍ന്നപ്പോള്‍ എന്റെ മനസ് ശൂന്യമായിരുന്നു. ആ ക്യാച്ച് കൈവിടരുതേ എന്ന് ഞാന്‍ മനസില്‍ പ്രാര്‍ഥിച്ചു. ദൈവാനുഗ്രഹത്താന്‍ എനിക്കത് കൈപ്പിടിയിലൊതുക്കാനായി. ലോകകപ്പ് നേടിക്കൊടുത്ത ക്യാച്ചായി അത് മാറുകയും ചെയ്തു.
ലോകകപ്പ് നേട്ടത്തില്‍ അഭിമാനമുണ്ട്. ഒപ്പം ക്യാപ്റ്റന്‍ എംഎസ് ധോണിയോടും. എന്നെ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ഫീല്‍ഡിംഗിനായ നിയോഗിച്ചത് അദ്ദേഹമായിരുന്നു. ജോഗീന്ദര്‍ ശര്‍മയ്ക്കും ആ വിക്കറ്റിന്റെ ക്രെഡിറ്റുണ്ട്. കാരണം സ്ലോ ബോള്‍ ആയതിനാലാണ് എനിക്ക് ക്യാച്ചെടുക്കാനായത്. വേഗതയുള്ള പന്തായിരുന്നെങ്കില്‍ ഒരുപക്ഷെ അത് ബൗണ്ടറിയിലേക്ക് പറക്കുമായിരുന്നു-ശ്രീശാന്ത് പറഞ്ഞു.

ജോഗീന്ദര്‍ ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ഒറു വിക്കറ്റ് മാത്രം കൈയിലിരിക്കെ 13 റണ്‍സായിരുന്നു പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു വൈഡെറിഞ്ഞ് തുടങ്ങിയ ജോഗീന്ദറിന്റെ അടുത്ത പന്ത് ഫുള്‍ടോസായിരുന്നു. അത് സിക്സറിന് പറത്തി ജയത്തിലേക്ക്ആറ് റണ്‍സ് അകലം. പിന്നീടായിരുന്നു മിസ്ബായുടെ വലിയ അബദ്ധം. പിന്നീടുള്ളത് ചരിത്രവും.
