നവംബറില്‍ ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന് കലൂര്‍ സ്റ്റേഡിയം വേദിയാകുന്നതിനെതിരെ ഇയാൻ ഹ്യൂം രംഗത്ത്
കൊച്ചി: നവംബറില് ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന് കലൂര് സ്റ്റേഡിയം വേദിയാകുന്നതിനെതിരെ ഇയാൻ ഹ്യൂം രംഗത്ത്. തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് നടക്കേണ്ട മത്സരത്തിനാണ് ഒടുവില് കേരള ക്രിക്കറ്റ് അസോസിയേഷന് കൊച്ചിയിലേക്ക് മാറ്റിയത്. ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോൾ കൊച്ചിയിലെ ഫുട്ബോൾ സ്റ്റേഡിയം തെരഞ്ഞെടുത്തത് എന്തിനാണെന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഗ്രൗണ്ടിൽ മാറ്റം വരുത്തിയാൽ ഇത് പഴയ രീതിയിലാക്കാൻ ഏറെ പ്രയാസമാണെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
ഹ്യൂമിന്റെ പോസ്റ്റ് ഇങ്ങനെ, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ ഞാൻ കൊച്ചിയിലുണ്ടായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഫുട്ബോൾ മത്സരത്തിനായി സജ്ജമാക്കാൻ ആഴ്ചകൾ വേണ്ടിവന്നു. അതിനായി ഏറെ പ്രയാസപ്പെടേണ്ടിവന്നു. ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല.
എന്നിരുന്നാലും അണ്ടർ 17 ലോകകപ്പിനായും ഇന്ത്യൻ സൂപ്പർ ലീഗിനായും ഗ്രൗണ്ട് സജ്ജമാക്കാൻ ചെലവഴിച്ച പണം മുഴുവൻ ഒരു ക്രിക്കറ്റ് മത്സരത്തിനായി പാഴാക്കുന്നു. കേരളം മാത്രമല്ല, ഇന്ത്യക്കാർ മുഴുവൻ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. പക്ഷേ, തിരുവനന്തപുരത്ത് ക്രിക്കറ്റിനു മാത്രമായി ഒരു സ്റ്റേഡിയമുള്ളപ്പോൾ, എന്തിനാണ് ഒരു ക്രിക്കറ്റ് മത്സരത്തിനു മാത്രമായി വർഷങ്ങൾ സമയമെടുത്ത് സജ്ജീകരിച്ച ഗ്രൗണ്ട് കുത്തിപ്പൊളിക്കുന്നത്- ഹ്യൂം പറഞ്ഞു. ഒരു ഫുട്ബോൾ മത്സരം മാത്രം നടത്താനായി കോൽക്കത്തയിലെ ഈഡൻ ഗാർഡൻ ഗ്രൗണ്ട് കുത്തിപ്പൊളിക്കുമോയെന്നും ഹ്യൂം ചോദിക്കുന്നു.
