ദുബായ്: ഓസ്‌ട്രേലിയ ആതിഥേയത്വമരുളുന്ന 2020 ട്വന്‍റി20 ലോകകപ്പിന്‍റെ വേദികള്‍ പ്രഖ്യാപിച്ച് ഐസിസി‍‍. എട്ട് നഗരങ്ങളിലെ 13 വേദികളിലായാണ് കുട്ടി ക്രിക്കറ്റിലെ ഒമ്പതാം ലോകകപ്പ് നടക്കുക. വനിതാ ലോകകപ്പ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയും പുരുഷ ലോകകപ്പ് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയും നടക്കും. 

പുരുഷ-വനിതാ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് വലിയ അംഗീകാരമാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തലവനും സംഘാടകസമിതി ചെയര്‍മാനുമായ ഡേവിഡ് പീവര്‍ അറിയിച്ചു. മെല്‍ബണ്‍, സി‌ഡ്നി, പെര്‍ത്ത്, അഡ്‌ലെയ്ഡ്, ബ്രിസ്‌ബെയ്ന്‍, ഹൊബാര്‍ട്ട്, കാന്‍ബറ, ജീലോംഗ് എന്നിവയാണ് ആതിഥേയ നഗരങ്ങള്‍. ആദ്യമായാണ് ഒരേ വേദിയില്‍ നടക്കുന്ന പുരുഷ-വനിത ട്വന്‍റി20 ലോകകപ്പുകള്‍ വ്യത്യസ്ത സമയങ്ങളിലായി ക്രമീകരിച്ചിരിക്കുന്നത്. 

രണ്ട് ഫൈനലുകളും വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക. അതേസമയം പുരുഷ സെമി ഫൈനലുകള്‍ മെല്‍ബണിലും വനിതാ ഫൈനലുകള്‍ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലുമായാണ് നടക്കുന്നത്. 10 ടീമുകള്‍ക്ക് പകരം 12 ടീമുകളാണ് പുരുഷ വിഭാഗത്തില്‍ മാറ്റുരയ്ക്കുക. എട്ട് ടീമുകള്‍ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിലും നാല് ടീമുകള്‍ ഗ്രൂപ്പ് പോരാട്ടത്തിലൂടെയും ഇടം നേടും.