ആകെ സമ്മാനത്തുകയില്‍ 297 ശതമാനമാണ് വർധന

വനിതകളുടെ ഏകദിന ലോകകപ്പിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). സെപ്തംബര്‍ 30ന് ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെയാണ് ഐസിസിയുടെ നീക്കമുണ്ടായിരിക്കുന്നത്. 13.8 മില്യണ്‍ അമേരിക്കൻ ഡോളറാണ് (122.37 കോടി രൂപ) ആകെ സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസിലൻഡ് ആതിഥേയത്വം വഹിച്ച 2022 വനിത ഏകദിന ലോകകപ്പിന്റെ ആകെ സമ്മാനത്തുക 3.5 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (30.85 കോടി രൂപ. 297 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പുരുഷ ഏകദിന ലോകകപ്പിന് ആകെ നല്‍കുന്ന സമ്മാനത്തുക 10 മില്യണ്‍ അമേരിക്കൻ ഡോളറാണ് (85 കോടി രൂപ).

വനിത ലോകകപ്പ് വിജയികള്‍ക്ക് ഇത്തവണ ലഭിക്കുക 4.48 മില്യണ്‍ അമേരിക്കൻ ഡോളറാണ് (39.5 കോടി രൂപ). കഴിഞ്ഞ തവണത്തേക്കാള്‍ 239 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2022 ലോകകപ്പില്‍ വിജയികളായ ഓസ്ട്രേലിയക്ക് ലഭിച്ചത് 1.32 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (11.63 കോടി രൂപ).

പുരുഷന്മാരുടെ ഏകദിന ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയക്ക് 2023ല്‍ നാല് മില്യണ്‍ യുഎസ് ഡോളറായിരുന്നു (35.2 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചത്.

ഫൈനലില്‍ പരാജയപ്പെടുന്നവ‍ക്ക് 2.24 മില്യണ്‍ അമേരിക്കൻ ഡോളറാണ് ലഭിക്കുക. അതായത് 19.75 കോടി രൂപ. 2022 പതിപ്പില്‍ നിന്ന് 273 ശതമാനമാണ് ഉണ്ടായിരിക്കുന്ന വര്‍ധനവ്. സെമി ഫൈനലിസ്റ്റുകള്‍ക്ക് 1.12 മില്യണ്‍ അമേരിക്കൻ ‍ഡോളറാണ് നല്‍കുക, 9.87 കോടി രൂപ. അഞ്ച്, ആറ് സ്ഥാനങ്ങളിലെത്തുന്നവ‍‍ര്‍ക്ക് 6.1 കോടി രൂപ വീതം ലഭിക്കും. ഏഴ്, എട്ട് സ്ഥാനക്കാര്‍ക്ക് 2.4 കോടി രൂപയും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 2.2 കോടി രൂപ വീതമാണ് ഐസിസി നല്‍കുക.

ശ്രീലങ്കയും ഇന്ത്യയും ആതിഥേയത്വം വഹിക്കുന്ന വനിത ലോകകപ്പ് അഞ്ച് വേദികളിലായാണ് നടക്കുന്നത്. ഇന്ത്യയില്‍ ഗുവാഹത്തി, ഇൻഡോര്‍, നവി മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലും ശ്രീലങ്കയിലെ കൊളംബോയിലുമാണ് മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.