മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ആദ്യം തിരഞ്ഞ പേര് റിഷഭ് പന്തിന്റേതായിരിക്കും. ഐപിഎല്ലിലെയും രഞ്ജി ട്രോഫിയിലെയും മിന്നും പ്രകടനങ്ങളിലൂടെ ലോക ക്രിക്കറ്റിലെ പ്രമുഖരുടെ അഭിനന്ദം ഏറ്റവാങ്ങിയ പന്ത് പക്ഷെ സീനിയര്‍ ടീമില്‍ കളിക്കാന്‍ ഇനിയും കാത്തിരിക്കണം. 19കാരനായ പന്തിനെയും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവിനെയും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം ഇരുവരും പുറത്തായി.

എംഎസ് ധോണി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ടീമിലുള്ളതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയാലും അന്തിമ ഇലവനില്‍ കളിക്കാന്‍ പന്തിന് അവസരം ലഭിക്കില്ലെന്നതിനാലാണ് അവസാന നിമിഷം ഒഴിവാക്കിയതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞു. പന്തിന്റെ പ്രകടനത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് പൂര്‍ണ മതിപ്പുണ്ട്. അദ്ദേഹത്തെ ഭാവിയിലേക്ക് വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം പ്രസാദ് വ്യക്തമാക്കി.

ഐപിഎല്ലില്‍ ധോണിയ്ത്ത് തിളങ്ങാനായിരുന്നില്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ഇപ്പോഴും ധോണി തന്നെയാണെന്ന് പ്രസാദ് വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയിലുള്ള ധോണിയുടെ അനുഭവസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാണ്. കോലിയ്ക്ക് ശരിയായ ഉപദേശങ്ങള്‍ നല്‍കാന്‍ ധോണിയ്ക്കാവും. കഴിഞ്ഞ 10 വര്‍ഷമായി വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധോണിയുടെ പ്രകടനം അതുല്യമാണെന്നും പ്രസാദ് പറഞ്ഞു.

കുല്‍ദീപ് യാദവിനെയും മൂന്നാം സ്പിന്നറായി പരിഗണിച്ചിരുന്നു. എന്നാല്‍ അശ്വിനും ജഡേജയുാമാണ് സ്പിന്നര്‍മാരായി അന്തിമ 15ല്‍ ഇടം നേടിയത്. ടീം കോമ്പിനേഷന്‍ കൂടി പരിഗണിച്ചാണ് അശ്വിനെയും ജഡേജയെയും ഉള്‍പ്പെടുത്തിയതെന്ന് പ്രസാദ് പറഞ്ഞു. പരിക്ക് കാരണം അശ്വിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഏകദിന ക്രിക്കറ്റില്‍ സജീവ സാന്നിധ്യമല്ല. എങ്കിലും അശ്വിനില്‍ തന്നെ സെലക്ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ഒരു വര്‍ഷമായി ഏകദിന ക്രിക്കറ്റില്‍ കളിക്കാത്ത അശ്വിനെ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നെങ്കിലും എംഎസ്കെ പ്രസാദ് വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞു.

ഏകദിന മത്സരങ്ങളില്‍ ഓള്‍ റഔണ്ട് മികവ് കൂടി കണക്കിലെടുക്കുമെന്നും അതിനാലാണ് അശ്വിനെ ഉള്‍പ്പെടുത്തിയതെന്നും പ്രസാദ് പറഞ്ഞു. ഫോം നഷ്ടമായതിനാലല്ല അശ്വിന്‍ ടീമില്‍ നിന്ന് പുറത്തുപോയതെന്നും പരിക്കുമൂലമാണെന്നും പ്രസാദ് വ്യക്തമാക്കി. റിഷഭ് പന്തും മലയാളി താരം ബേസില്‍ തമ്പിയും സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണയിലുള്ള താരങ്ങളാണെന്നും ഇവരെ ഭാവിയിലേക്ക് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പ്രസാദ് പറഞ്ഞു.