ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടന്ന ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്സ് പിച്ചിന് ഐസിസിയുടെ മോശം റേറ്റിങ്. അമിത ബൗണ്‍സ് കാരണം വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പിച്ചാണിത്. ഇതുകാരണം ഐസിസിയുടെ മൂന്നു ഡീമെറിറ്റ് റേറ്റിങ് പോയിന്റാണ് വാണ്ടറേഴ്സിലെ പിച്ചിന് ലഭിച്ചിരിക്കുന്നത്. ഡീമെറിറ്റ് പോയിന്റ് അഞ്ച് ആയാല്‍ 12 മാസത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍നിന്ന് വിലക്ക് നേരിടേണ്ടിവരും. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വാണ്ടറേഴ്സിന് മൂന്ന് ഡീമെറിറ്റ് പോയിന്റ് നല്‍കിയത്. ഇത് ഭാവിയില്‍ ഐസിസിയുടെ മല്‍സരങ്ങള്‍ ലഭിക്കുന്നതിന് കനത്ത തിരിച്ചടിയായി മാറും. ദക്ഷിണാഫ്രിക്കയിലെ ഏറെ പ്രധാനപ്പെട്ട ക്രിക്കറ്റ് മൈതാനമാണ് വാണ്ടറേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തുന്നതില്‍നിന്ന് ഈ പിച്ചിനെ വിലക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അത് ഐസിസി തള്ളിയിരുന്നു. അപ്രതീക്ഷിതമായ അമിത ബൗണ്‍സ് കാരണം മല്‍സരം പോലും ഇടയ്ക്ക് നിര്‍ത്തിവെയ്ക്കേണ്ടി വന്നിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ഉള്‍പ്പടെയുള്ളവര്‍ ഐസിസി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.