ദുബായ്: ഐസിസി ട്വന്‍റി20 റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ അപ്രമാധിത്യം. ബാറ്റ്സ്മാന്‍മാരില്‍ റെക്കോര്‍ഡ് സെഞ്ചുറിയോടെ ന്യൂസിലന്‍ഡിന്‍റെ കോളിന്‍ മണ്‍റോയും ബൗളര്‍മാരില്‍ സോദിയും ഒന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ മൂന്നാം ട്വന്‍റി20 സെഞ്ചുറിയോടെ 11 സ്ഥാനം മുന്നോട്ടുകയറി മണ്‍റോ ഒന്നാമതെത്തിയപ്പോള്‍ 10-ാം സ്ഥാനത്തുനിന്നാണ് സോദി ആദ്യമെത്തെത്തിയത്.

ടീം റാങ്കിംഗില്‍ പാക്കിസ്ഥാനെ മറികടന്ന് ഒന്നാം ന്യൂസിലന്‍ഡ് സ്ഥാനം സ്വന്തമാക്കി. പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്നാം സ്ഥാനത്തുള്ള വിരാട് കോലിയും അഞ്ചാം സ്ഥാനത്തുള്ള ലോകേഷ് രാഹുലുമാണ് ബാറ്റ്സ്മാന്‍മാരില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. അതേസമയം ബൗളര്‍മാരില്‍ നാലാം സ്ഥാനത്തുള്ള ജസ്‌പ്രീത് ഭൂംമ്രയാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം.

ബാറ്റ്സ്മാന്‍മാരില്‍ ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ് രണ്ടാം സ്ഥാനത്ത്. ബൗളര്‍മാരില്‍ പാക്കിസ്ഥാന്‍ താരം ഇമാദ് വസീം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനാണ് മൂന്നാം സ്ഥാനത്ത്. ട്വന്‍റി2യില്‍ ഇത് രണ്ടാം തവണയാണ് ന്യൂസിലന്‍ഡ് താരങ്ങള്‍ ബാറ്റ്സ്മാന്‍മാരുടെയുടെ ബൗളര്‍മാരുടെയും റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.